അഞ്ച് ടീമുകൾക്ക് ജീവന്മരണ പോരാട്ടം; ഐ.പി.എല്ലിൽ ഇനിയുള്ളത് അഞ്ച് മത്സരങ്ങൾ

Cricket IPL 2018 News Sports

ഐ.പി.എല്ലിൽ ഈ സീസണിൽ ഇനി വെറും അഞ്ച് ആദ്യ റൌണ്ട് മത്സരങ്ങൾ മാത്രം അവശേഷിക്കുമ്പോൾ പ്ലേ ഓഫിൽ കടക്കാൻ കടുത്ത മത്സരമാണ് നടക്കുന്നത്. സൺറൈസേഴ്സ് ഹൈദരാബാദും (18 പോയിന്റ്) ചെന്നൈ സൂപ്പർകിങ്സും (16) നേരത്തേ പ്ലേ ഓഫ് പ്രവേശനം ഉറപ്പിച്ചെങ്കിലും ബാക്കി രണ്ട് ടീമുകളുടെ കാര്യത്തിലാണ് അനിശ്ചിതത്വം നീളുന്നത്.

ആറു പോയിന്റു മാത്രമുള്ള ഡൽഹി ഡെയർ ഡെവിൾസിന് പ്ലേ ഓഫ് സ്വപ്നം അസ്തമിച്ചു കഴിഞ്ഞു. എന്നാൽ ബാക്കിയുള്ള അഞ്ച് ടീമുകൾക്ക് ഇനിയുള്ള മത്സരങ്ങൾ ജീവന്മരണ പോരാട്ടങ്ങളാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, രാജസ്ഥാൻ റോയൽസ്, കിങ്സ് ഇലവൻ പഞ്ചാബ് എന്നീ ടീമുകളാണ് പ്ലേ ഓഫ് സാധ്യത കൽപിക്കുന്ന അഞ്ച് ടീമുകൾ.

ഇന്ന് നടക്കുന്ന ചെന്നൈ സൂപ്പർകിങ്സും ഡൽഹി ഡെയർ ഡെവിൾസും തമ്മിലുള്ള മത്സരമൊഴികെ മറ്റെല്ലാ മത്സരങ്ങളും അതീവ പ്രാധാന്യമുള്ളവയാണ്. ധോണിയേയും കൂട്ടരേയും സംബന്ധിച്ച് പ്ലേ ഓഫിനു മുന്നോടിയായുള്ള പടയൊരുക്കത്തിനുള്ള മത്സരമായിരിക്കുമിത്. നാളെ ജയ്പൂരിൽ നടക്കുന്ന ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നേരിടും. തോൽക്കുന്നവർ ആരായാലും പുറത്തു പോകും.

നാളത്തെ രണ്ടാമത്തെ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തം കാണികളുടെ മുമ്പിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. കൊൽക്കത്തക്ക് ഈ മത്സരത്തിൽ ജയിച്ചേ തീരൂ. ഞായറാഴ്ച്ച ഡൽഹിയിൽ നടക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ആതിഥേയരായ ശ്രേയസിനെയും ടീമിനെയും നേരിടും. ഡൽഹി സ്വന്തം കാണികളുടെ പിന്തുണയിൽ ആസ്വാസജയം ലക്ഷ്യമിടുമ്പോൾ മുംബൈക്ക് പ്ലേ ഓഫിൽ കടക്കാൻ ജയം മാത്രമായിരിക്കും ലക്ഷ്യം.

ചെന്നൈയുടെ താൽക്കാലിക ഹോംഗ്രൌണ്ടായ പൂനെ എം.സി.എ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഞായറാഴ്ച്ച രാത്രി നടക്കുന്ന മത്സരത്തിൽ കിങ്സ് ഇലവൻ പഞ്ചാബാണ് സൂപ്പർകിങ്സിന്റെ എതിരാളികൾ. സീസണിന്റെ തുടക്കത്തിൽ മികച്ച ഫോമിൽ കുതിപ്പ് നടത്തിയ കിങ്സ് ഇലവൻ പിന്നീട് തുടർച്ചയായി തോറ്റതോടെ പോയിന്റ് പട്ടികയിൽ പിന്നിലായി. ബാറ്റിംഗിൽ ലോകേഷ് രാഹുലും ബൌളിംഗിൽ ആൻഡ്ര്യൂ ടൈയും ഉജ്ജ്വല ഫോമിലുള്ളത് പഞ്ചാബിന് ആശ്വാസമാണ്. നിലവിൽ ഈ രണ്ട് താരങ്ങളുടെയും പേരിലാണ് ഈ സീസണിലെ ഓറഞ്ച് ക്യാപും പർപ്പിൾ ക്യാപും ഉള്ളത്.

ആദ്യറൌണ്ട് മത്സരങ്ങൾ കഴിഞ്ഞ് ഒരു ദിവസത്തെ അവധിക്ക് ശേഷം മെയ് 22 നും 23 നും ആണ് പ്ലേ ഓഫ് മത്സരങ്ങൾ നടക്കുക. ഫൈനൽ മെയ് 27 ന് രാത്രി 8 മണിക്ക് മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടക്കും. ഈ സീസണിലെ ഉദ്ഘാടന മത്സരവും മുംബൈയിൽ വച്ചായിരുന്നു.

{Malayalam Sports News}

Leave a Reply

Your email address will not be published. Required fields are marked *