കണ്ണുതള്ളി വിരാട് കോഹ്ലി; സൂപ്പർമാൻ ഡിവില്ലിയേഴ്സിന്റെ തകർപ്പൻ ക്യാച്ചിൽ കണ്ണുമിഴിച്ച് ക്രിക്കറ്റ് ലോകം

Cricket IPL 2018 News Sports

ഐ.പി.എല്ലിൽ ഒന്നാം സ്ഥാനത്ത് കുതിക്കുന്ന സൺറൈസേഴ്സ് ഹൈദരാബാദിനെ തന്റെ പ്രഹരശേഷിയുപയോഗിച്ച് അടിച്ചുതകർത്ത ഡിവില്ലിയേഴ്സ് ഫീൽഡിംഗിലും കേമനായി. ഈ ഐ.പി.എല്ലിലെ തന്നെ ഏറ്റവും മികച്ച ക്യാച്ചായിരുന്നു അത്. സിക്സറെന്ന് ഉറപ്പിച്ച പന്താണ് അസാധാരണ ഫീൽഡിംഗിലൂടെ താരം ചാടിവീണ് കൈക്കുള്ളിലൊതുക്കിയത്. ഡിവില്ലിയേഴ്സിന്റെ തകർപ്പൻ ഫീൽഡിംഗ് ക്യാപ്റ്റൻ വിരാട് കോഹ്ലി ഏറെ ആവേശത്തോടെയാണ് ആഘോഷിച്ചത്. അത്ഭുതംകൂറുന്ന ഭാവവുമായി ഡിവില്ലിയേഴ്സിന്റെ അടുത്തേക്ക് പാഞ്ഞെത്തിയ കോഹ്ലി താരത്തെ കെട്ടിപ്പിടിച്ചാണ് ആഹ്ലാദം പങ്കുവച്ചത്.

ബൌണ്ടറി ലൈനിനരികെ ചാടി ക്യാച്ചെടുക്കുന്ന ഡിവില്ലിയേഴ്സ്

ഡിവില്ലിയേഴ്സിന്റെയും മൊയീൻ അലിയുടെയും കരുത്തിൽ ബംഗളൂരു ഉയർത്തിയ 216 റൺസെന്ന കൂറ്റൻ സ്കോർ പിന്തുടർന്ന സൺറൈസേഴ്സ് ഓപ്പണർമാർ ആക്രമിച്ചാണ് തുടങ്ങിയത്. ഓപ്പണർ അലക്സ് ഹെയ്ൽസ് 24 പന്തിൽ മൂന്ന് കൂറ്റൻ സിക്സറുകളും രണ്ട് ഫോറുകളും പറത്തി മുന്നേറുന്ന സമയത്താണ് ഒരു തകർപ്പൻ ക്യാച്ചിലൂടെ ഡിവില്ലിയേഴ്സ് ബംഗളൂരുവിന്റെ രക്ഷകനായി വീണ്ടും എത്തുന്നത്. മൊയീൻ അലിയുടെ പന്തിൽ ലെഗ് സൈഡിലേക്ക് സിക്സർ പറത്താൻ ശ്രമിച്ച ഹെയ്ൽസിനെ ഒരാൾപൊക്കത്തിൽ ചാടിയ ദക്ഷിണാഫ്രിക്കൻ താരം കൈകളിലൊതുക്കുകയായിരുന്നു.

തകർപ്പൻ ക്യാച്ചെടുത്ത് അലക്സ് ഹെയ്ൽസിനെ പുറത്താക്കിയ ഡിവില്ലിയേഴ്സിനെ അഭിനന്ദിക്കുന്ന ബംഗളൂരു ക്യാപ്റ്റൻ വിരാട് കോഹ്ലി

ഐ.പി.എല്ലിൽ മുമ്പും നിരവധി മികച്ച ക്യാച്ചുകളെടുത്തിട്ടുണ്ട് ഡിവില്ലിയേഴ്സ്. ബാറ്റിംഗിൽ അസാമാന്യ സ്ഫോടകശേഷിയുള്ള ബാറ്റ്സ്മാൻ മാത്രമല്ല ടീമിന് എ.ബി.ഡി. ഏതു കോണിലും പാഞ്ഞെത്തി ക്യാച്ചെടുക്കാനും ബൌണ്ടറി തടയാനും കഴിയുന്നൊരു ഉജ്ജ്വല ഫീൽഡർ കൂടിയാണ്. ഹെയ്ൽസിനെ പുറത്താക്കിയ ഡിവില്ലിയേഴ്സിന്റെ ക്യാച്ച് ബംഗളൂരു ഫീൽഡർമാർക്ക് വലിയ ഊർജ്ജമാണ് നൽകിയത്. ബംഗളൂരുവിന്റെ വിജയത്തിൽ നിർണായകമായതും നേരത്തെ 39 പന്തിൽ 69 റൺസെടുത്ത ദക്ഷിണാഫ്രിക്കൻ താരത്തിന്റെ തകർപ്പൻ പ്രകടനമായിരുന്നു.

{Malayalam Sports News}

Leave a Reply

Your email address will not be published. Required fields are marked *