സൺറൈസേഴ്സിന്റെ പടയോട്ടത്തിന് തടയിട്ട് റോയൽ ചലഞ്ചേഴ്സ്; ബംഗളൂരുവിന് 14 റൺസ് ജയം

Cricket IPL 2018 News Sports

ഐ.പി.എല്ലിൽ ഒന്നാമതു കുതിക്കുന്ന സൺറൈസേഴ്സ് ഹൈദരാബാദിനെ 14 റൺസിന് തോൽപിച്ച് ബംഗളൂരുവിന്റെ ഉജ്ജ്വല തിരിച്ചുവരവ്. ബംഗളൂരുവിന്റെ ദക്ഷിണാഫ്രിക്കൻ സൂപ്പർസ്റ്റാർ ഡിവില്ലിയേഴ്സും (69)  ഇംഗ്ലണ്ട് താരം മൊയീൻ അലിയും (65) ചേർന്ന് നടത്തിയ തകർപ്പൻ ബാറ്റിംഗിൽ 6 വിക്കറ്റ് നഷ്ടത്തിൽ 216 റൺസാണ് ബംഗളൂരു നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ സൺറൈസേഴ്സ് ക്യാപ്റ്റൻ കെയ്ൻ വില്യംസണും (81) മനീഷ് പാണ്ഡെയും (62*) ഉജ്ജ്വല ബാറ്റിംഗ് പ്രകടനം കാഴ്ച്ചവച്ചെങ്കിലും ആവേശകരമായ അവസാന നിമിഷം ബംഗളൂരു ബൌളർമാർ കളി വരുതിയിലാക്കി. സൺറൈസേഴ്സ് 14 റൺസകലെ വീണു.

ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ബംഗളൂരു സ്റ്റാർ ബാറ്റ്സ്മാൻ ഡിവില്ലിയേഴ്സിന്റെയും മൊയീൻ അലിയുടെയും അർദ്ധസെഞ്ച്വറികളുടെ കരുത്തിലാണ് കൂറ്റൻ സ്കോർ സ്വന്തമാക്കിയത്. ഡിവില്ലിയേഴ്സ് 39 പന്തിൽ ഒരു സിക്സും 12 ഫോറുകളും നേടി. 34 പന്തുകൾ നേരിട്ട മൊയീൻ അലി ആറ് സിക്സറുകളും രണ്ട് ഫോറുകളും സഹിതമാണ് തന്റെ പ്രഥമ ഐ.പി.എൽ അർദ്ധസെഞ്ച്വറി സ്വന്തമാക്കിയത്

മൂന്നാം വിക്കറ്റിൽ 107 റൺസിന്റെ കൂട്ടുകെട്ടുതീർത്ത ഡിവില്ലിയേഴ്സും മൊയീൻ അലിയും
(കടപ്പാട്: iplt20.com)

ഗ്രാൻഡ്ഹോമും (40) സർഫ്രാസ് ഖാനും (22) ബംഗളൂരുവിന് വേണ്ടി മികച്ച പ്രകടനം നടത്തി. കോഹ്ലിക്ക് 12 റൺസ് നേടാനേ സാധിച്ചുള്ളൂ. സൺറൈസേഴ്സിന് വേണ്ടി റാഷിദ് ഖാൻ മൂന്നും സിദ്ധാർത്ഥ് കൌൾ രണ്ടും വിക്കറ്റുകൾ നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ സൺറൈസേഴ്സും പോരാട്ടവീര്യം കുറയാതെ തന്നെ പൊരുതി. 47 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടുയർത്തിയ ശിഖർ ധവാനും (18) അലക്സ് ഹെയ്ൽസും (37) നയം വ്യക്തമാക്കി. ശിഖർ ധവാനെ യുസ്വേന്ദ്ര ചാഹലും അലക്സ് ഹെയ്ൽസിനെ മൊയീൻ അലിയും പുറത്താക്കി. മൊയീൻ അലിയുടെ പന്തിൽ ഒരു തകർപ്പൻ ക്യാച്ചിലൂടെ ഡിവില്ലിയേഴ്സാണ് ഹെയ്ൽസിനെ പുറത്തേക്കുള്ള വഴിയൊരുക്കിയത്.

കൂറ്റൻ ഷോട്ടുകൾ പായിച്ച് വെടിക്കെട്ട് പ്രകടനവും തനിക്ക് വഴങ്ങുമെന്ന് ഒരിക്കൽകൂടി തെളിയിച്ചിരിക്കുകയാണ് സൺറൈസേഴ്സ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ
(കടപ്പാട്: iplt20.com)

മൂന്നാമനായിറങ്ങിയ ക്യാപ്റ്റൻ കൂൾ കെയ്ൻ വില്യംസൺ തനിക്ക് അതിവേഗ ക്രിക്കറ്റും വഴങ്ങുമെന്ന് ഒരിക്കൽകൂടി തെളിയിച്ചു. കൂറ്റൻ സ്കോർ പിന്തുടർന്ന സൺറൈസേഴ്സിന് ക്യാപ്റ്റന്റെ ഇന്നിങ്സ് ആത്മവിശ്വാസമേകി. അവസാന ഓവറുകളിൽ മനീഷ് പാണ്ഡെയും ഫോം വീണ്ടെടുത്ത് തുടർച്ചയായി ബൌണ്ടറികൾ നേടിയതോടെ സൺറൈസേഴ്സ് വിജയമുറപ്പിച്ചതാണ്. എന്നാൽ അവസാന ഓവറുകളെറിഞ്ഞ ടിം സൌത്തിയും മുഹമ്മദ് സിറാജും തന്ത്രപരമായി റണ്ണൊഴുക്ക് തടഞ്ഞു. 135 റൺസിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് വില്യംസണും പാണ്ഡെയും പടുത്തുയർത്തിയത്.

42 പന്തുകൾ നേരിട്ട സൺറൈസേഴ്സ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ അഞ്ച് കൂറ്റൻ സിക്സറുകളും ഏഴ്  ബൌണ്ടറികളുമടക്കമാണ് 81 റൺസെടുത്തത്. മനീഷ് പാണ്ഡെ 38 പന്തിൽ രണ്ട് സിക്സറുകളും ഏഴ് ഫോറുകളും സഹിതമാണ് പുറത്താകാതെ 62 റൺസെടുത്തത്. ബംഗളൂരുവിന് വേണ്ടി ചാഹൽ, മൊയീൻ അലി, മുഹമ്മദ് സിറാജ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. വെടിക്കെട്ട് പ്രകടനത്തിലൂടെ കൂറ്റൻ സ്കോറിലേക്ക് നയിച്ച എ ബി ഡിവില്ലിയേഴ്സാണ് മാൻ ഓഫ് ദ മാച്ച്.

{Malayalam Sports News}

Leave a Reply

Your email address will not be published. Required fields are marked *