ആവേശപ്പോരിൽ പഞ്ചാബിനെ തളച്ച് മുംബൈ പ്ലേ ഓഫ് സാധ്യത നിലനിർത്തി

Cricket IPL 2018 News Sports

ജീവന്മരണ പോരാട്ടമായിരുന്നു മുംബൈയ്ക്ക് ഇന്നലെ കിങ്സ് ഇലവൻ പഞ്ചാബിനെതിരെയുള്ള മത്സരം. തോറ്റാൽ പ്ലേ ഓഫ് കാണാതെ ലീഗിൽ നിന്ന് പുറത്ത്. പക്ഷേ കൈവിട്ടെന്ന് തോന്നിച്ച കളിയിൽ മുംബൈ ബൌളർമാരുടെ മനക്കരുത്തിൽ അവസാന നിമിഷങ്ങളിൽ വിജയം പിടിച്ചെടുക്കുകയായിരുന്നു. 94 റൺസെടുത്ത് മികച്ച ഫോമിൽ ബാറ്റു ചെയ്തിരുന്ന ലോകേഷ് രാഹുലിനെ 19-ാം ഓവറിൽ ബുംറ പുറത്താക്കിയതാണ് കളിയിൽ വഴിത്തിരിവായത്.

ആദ്യം ബാറ്റു ചെയ്ത മുംബൈ പൊള്ളാർഡിന്റെ (50) വെടിക്കെട്ട് ബാറ്റിംഗിന്റെ കരുത്തിൽ 8 വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുത്തു. 23 പന്തിൽ മൂന്ന് സിക്സറുകളും അഞ്ച് ഫോറുകളും പറത്തിയാണ് പൊള്ളാർഡ് മുംബൈയെ രക്ഷിച്ചത്. കൃണാൽ പാണ്ഡ്യ (32) പൊള്ളാർഡിന് ശക്തമായ പിന്തുണ നൽകി.

സൂര്യകുമാർ യാദവ് (27), ഇഷൻ കിഷൻ (20) എന്നിവരും മുംബൈയ്ക്കായി തിളങ്ങി. എന്നാൽ ക്യാപ്റ്റൻ രോഹിത് ശർമ ഇക്കുറിയും റൺസ് നേടുന്നതിൽ പരാജയപ്പെട്ടു. നാലോവറിൽ 16 റൺസ് മാത്രം വിട്ടുകൊടുത്ത് മുംബൈയുടെ നാല് വിക്കറ്റുകക്ഷൾ വീഴ്ത്തിയ ആൻഡ്ര്യൂ ടൈ പഞ്ചാബ് ബൌളിംഗ് നിരയിൽ തിളങ്ങി.

മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് 34 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് തീർത്തപ്പോഴേക്കും ക്രിസ് ഗെയിലിനെ (18) നഷ്ടമായി. എങ്കിലും ലോകേഷ് രാഹുൽ തന്റെ തകർപ്പൻ ഫോം തുടർന്നു. രാഹുലും ആരോൺ ഫിഞ്ചും (46) ചേർന്ന് പഞ്ചാബിന് രണ്ടാം വിക്കറ്റിൽ 111 റൺസ് സമ്മാനിച്ചതോടെ കളി മുംബൈയുടെ കയ്യിൽ നിന്നും പോയി.

17-ാം ഓവറിലെ ആദ്യ പന്തിൽ ആരോൺ ഫിഞ്ചിനെ ഹാർദിക് പാണ്ഡ്യയുടെ കൈകളിലെത്തിച്ച് ജസ്പ്രീത് ബുംറയാണ് ബ്രേക് ത്രൂ നൽകിയത്. പിന്നാലെ വന്ന സ്റ്റോയിനിസിനെയും ബുംറ മടക്കി. ഇതോടെ പതറിയ പഞ്ചാബിന് രാഹുലിനെ മാത്രം ആശ്രയിക്കേണ്ടിവന്നു. കൂറ്റനടികളിലൂടെ കളംനിറഞ്ഞ രാഹുലിന് പക്ഷേ 19-ാം ഓവറിലെ മൂന്നാം പന്തിൽ ബുംറയുടെ പന്തിൽ ബെൻ കട്ടിംഗിന് ക്യാച്ച് നൽകി കീഴടങ്ങേണ്ടിവന്നു. 60 പന്തിൽ മൂന്ന് സിക്സറുകളുടെയും പത്ത് ഫോറുകളുടെയും കരുത്തിലാണ് രാഹുൽ 94 റൺസെടുത്തത്.

മത്സരവിജയശേഷം നിലത്തുകിടന്ന് ആഹ്ലാദം പ്രകടിപ്പിക്കുന്ന മക്ലെനാഗനും ഹാർദിക് പാണ്ഡ്യയും
(കടപ്പാട്: iplt20.com)

രാഹുലിന്റെ പുറത്താകലിനു ശേഷം ക്രീസിലെത്തിയ സീനിയർ താരം യുവരാജിന് (1) വലിയ ഷോട്ടുകളൊന്നും നേടാൻ കഴിയാതെ പോയതോടെ പഞ്ചാബ് പ്രതിസന്ധിയിലായി. അവസാന രണ്ട് ഓവറുകളിൽ വിജയിക്കാൻ 23 റൺസ് വേണ്ട സമയത്ത് 19-ാം ഓവറിൽ വെറും ആറു റൺസാണ് ബുംറ വഴങ്ങിയത്. ഇത് വളരെ നിർണായകമായി.

അവസാന ഓവറിൽ ജയിക്കാൻ 17 റൺസ് വേണ്ടിയിരുന്നു. ആദ്യ മൂന്ന് പന്തിൽ രണ്ട് റൺസ് മാത്രം വഴങ്ങി യുവരാജിനെ പുറത്താക്കിയ മക്ലെനാഗൻ മുംബൈക്ക് വിജയമൊരുക്കി. അക്ഷർ പട്ടേൽ സിക്സർ നേടി പൊരുതാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെ തോറ്റാൽ പ്ലേ ഓഫ് കാണാതെ പുറത്താകുമായിരുന്ന മുംബൈക്ക് ജീവൻ തിരിച്ചുകിട്ടി. നാലോവറിൽ 15 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ബുംറയാണ് മാൻ ഓഫ് ദ മാച്ച്.

Leave a Reply

Your email address will not be published. Required fields are marked *