ഇനി വെറും പത്തു ദിവസം മാത്രം; ചാമ്പ്യൻസ് ലീഗ് ഫൈനലിനൊരുങ്ങി കീവ് നഗരം

Cricket IPL 2018 News Sports

ഈ മാസം 27 ന് നടക്കുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിന് ഇനി വെറും പത്തു ദിവസം മാത്രം. ക്രിസ്റ്റ്യാനോ റൊണാൾഡോയും കൂട്ടരുമടങ്ങുന്ന സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡും ഇംഗ്ലീഷ് പ്രീമിയർലീഗിലെ കരുത്തരായ ലിവർപൂളും തമ്മിലാണ് ഫൈനൽ. മത്സരത്തിനുള്ള തയ്യാറെടുപ്പെല്ലാം പൂർത്തിയാക്കി കാത്തിരിക്കുകയാണ് ഉക്രൈൻ തലസ്ഥാന നഗരമായ കീവും ഒളിമ്പിസ്കി സ്റ്റേഡിയവും.

നൈപർ നദിയുടെ ഇരുകരകളിലുമായി പരന്നുകിടക്കുന്ന വിശാലമായ കീവ് നഗരവും ഉക്രൈനിലെ ഫുട്ബോൾ ആരാധകരും ഫൈനലിനെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞ രണ്ടു തവണയും ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ റയൽ ഹാട്രിക് കിരീടനേട്ടമാണ് ലക്ഷ്യമിടുന്നത്. ആകെ 13 തവണ റയൽ ചാമ്പ്യൻസ് ലീഗ് നേടിയിട്ടുമുണ്ട്. അഞ്ചു തവണ ചാമ്പ്യൻമാരായ ലിവർപൂളിനാകട്ടെ 2007 ന് ശേഷമുള്ള ആദ്യ ചാമ്പ്യൻസ് ലീഗ് ഫൈനലുമാണിത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ യുവന്റസിനെതിരെ ബൈസൈക്കിൾ കിക്കിലൂടെ ഗോൾ നേടുന്നു

ഇരു ടീമുകളിലും നിർണായക സ്വാധീനം ചെലുത്തുന്നത് രണ്ട് ലോകോത്തര താരങ്ങളുടെ സാന്നിധ്യമാണ്. ലോക ഫുട്ബോൾ ആസ്വാദകർ ഈ സ്വപ്നഫൈനലിന് കണ്ണുംനട്ട് കാത്തിരിക്കുന്നതിന് പിന്നിലും ഇവർ തന്നെയാണ്. ഫൈനൽ വരെയുള്ള റയലിന്റെ കുതിപ്പിൽ നിർണായകഘട്ടങ്ങളിൽ രക്ഷകനായെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഒരു താരം. ക്വാർട്ടറിൽ ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിനെതിരെ റൊണാൾഡോ ബൈസൈക്കിൾ കിക്കിലൂടെ നേടിയ ഗോൾ ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ചൊരു ഗോളായി മാറി.

ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിനായി പത്ത് ഗോളുകൾ നേടുകയും നിരവധി ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്ത മുഹമ്മദ് സലാഹിന്റെ പ്രകടനം ചാമ്പ്യൻസ് ലീഗ് ഫൈനലിൽ നിർണായകമാകും

മറ്റൊരാൾ ലിവർപൂളിന്റെ സ്റ്റാർ പ്ലെയർ മുഹമ്മദ് സലാഹാണ്. ഗോളടിക്കാനും ഗോളടിപ്പിക്കാനും ഇംഗ്ലണ്ടിൽ ഇപ്പോൾ സലാഹിനെ കഴിഞ്ഞേ വേറെ ആളുള്ളൂ. ഇറ്റാലിയൻ ക്ലബ്ബ് എ.സി.റോമയിലൂടെ ഫുട്ബോൾ ലോകത്ത് ശക്തി തെളിയിച്ച് കടന്നുവന്ന താരമാണ് ഈജിപ്ഷ്യൻ സ്ട്രൈക്കർ മുഹമ്മദ് സലാഹ്. റോമക്കായി രണ്ട് സീസണുകളിൽ ബൂട്ടുകെട്ടിയ സലാഹ് 65 ഗോളുകളാണ് നേടിയത്. കഴിഞ്ഞ വർഷം ലിവർപൂൾ തട്ടകത്തിലെത്തിയ താരം ടീമിനു വേണ്ടി ഇതുവരെ 46 ഗോളുകളാണ് നേടിയത്. പ്രീമിയർലീഗിൽ മാത്രം 34 മത്സരങ്ങളിൽ നിന്ന് 32 ഗോളുകൾ നേടി.

മികച്ച ഫോം തുടരുന്ന ഒരുപിടി മറ്റു താരങ്ങളും ഇരുടീമുകളിലും അണിനിരക്കുന്നുണ്ട്. വ്യത്യസ്ത കളിരീതികളും മനോഭാവവും പുലർത്തുന്ന രണ്ടു ടീമുകൾ ഫൈനൽദിനത്തിൽ കളത്തിലിറങ്ങുന്നത് ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. റൊണാൾഡോയോ സലാഹോ എന്ന ചോദ്യമാണ് ഫൈനലിനു മുമ്പ് ലോകമെമ്പാടും ഉയർന്നു കേൾക്കുന്നത്.

UEFA Champions League final on May 27th at NSC Olimpiyskiy Stadium, Kiev, Ukrain. {Malayalam Sports News}

Leave a Reply

Your email address will not be published. Required fields are marked *