മുംബൈക്ക് ഇന്ന് ജീവന്മരണ പോരാട്ടം; കിങ്സ് ഇലവനെതിരെ തോറ്റാൽ പ്ലേ ഓഫ് കാണാതെ പുറത്താകും

Cricket IPL 2018 News Sports

മുംബൈ വാംഖഢെ സ്റ്റേഡിയത്തിൽ കിങ്സ് ഇലവൻ പഞ്ചാബിനെ നേരിടുന്ന നിലവിലെ ഐ.പി.എൽ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിന് ഇന്ന് ജീവൻമരണ പോരാട്ടം. ഇന്ന് തോറ്റാൽ മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താകും. 12 കളിയിൽ അഞ്ച് ജയം മാത്രം സ്വന്തമാക്കിയ മുംബൈ 10 പോയിന്റുകളുമായി ആറാം സ്ഥാനത്താണുള്ളത്. കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ പരാജയപ്പെട്ട കിങ്സ് ഇലവൻ പഞ്ചാബ് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളുപ്പെട്ടു. പഞ്ചാബിനും മത്സരം നിർണായകമാണ്.

ഈ സീസണിലെ ഉദ്ഘാടന മത്സരത്തിൽ തന്നെ ചെന്നൈ സൂപ്പർകിങ്സിനോട് തോറ്റുകൊണ്ടായിരുന്നു മുംബൈയുടെ തുടക്കം. തുടർന്നുള്ള മത്സരങ്ങളിലും വിജയം കണ്ടെത്താൻ മുംബൈ ഇന്ത്യൻസ് നന്നായി വിഷമിച്ചു. ക്യാപ്റ്റൻ രോഹിത് ശർമയുൾപ്പെടെയുള്ള സീനിയർ താരങ്ങൾ ഫോമിലെത്താത്തതാണ് പ്രധാന പ്രശ്നം. അതേസമയം യുവതാരങ്ങളായ സൂര്യകുമാർ യാദവ്, ഇഷൻ കിഷൻ, ഹാർദിക് പാണ്ഡ്യ, മാർക്കണ്ഡെ തുടങ്ങിയ യുവതാരങ്ങളുടെ മികവിലാണ് ഇതുവരെയുള്ള വിജയങ്ങൾ നേടാനായത്.

ഈ സീസണിന്റെ രണ്ടാം പകുതി ആരംഭിക്കുന്നതു വരെ മികച്ച ഫോമിലായിരുന്ന കിങ്സ് ഇലവൻ പഞ്ചാബ് പിന്നീട് നിറം മങ്ങുന്നതാണ് കണ്ടത്. അവസാന രണ്ടു മത്സരങ്ങളും തോറ്റതോടെ രണ്ട് സ്ഥാനങ്ങൾ പിറകോട്ടുപോയ പഞ്ചാബ് നിലവിൽ അഞ്ചാം സ്ഥാനത്താണ്. ക്രിസ് ഗെയിലും ലോകേഷ് രാഹുലും ഇന്നിങ്സ് ഓപ്പൺ ചെയ്യുന്നതാണ് പഞ്ചാബിന്റെ മികച്ച പ്രകടനത്തിനു ബലമേകുന്നത്.

12 മത്സരങ്ങളിൽ നിന്ന് 558 റൺസ് നേടിയ രാഹുൽ റൺവേട്ടയിൽ രണ്ടാം സ്ഥാനത്തുണ്ട്. ഇതിൽ അഞ്ച് അർദ്ധസെഞ്ച്വറികളുൾപ്പെടും. 9 മത്സരങ്ങളിൽ നിന്ന് മൂന്ന് അർദ്ധസെഞ്ച്വറികളും ഒരു സെഞ്ച്വറിയും സഹിതം 350 റൺസാണ് ക്രിസ് ഗെയിൽ സ്വന്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *