ഒരു പേരിലൊക്കെ എന്തിരിക്കുന്നു! നിയമയുദ്ധത്തിലും ജയിച്ചുകയറി മെസ്സി

Football News Sports

ഒരു പേരിലെന്തിരിക്കുന്നു എന്നല്ലേ! എന്നാൽ ആ പേര് ‘മെസ്സി’ എന്നാകുമ്പോൾ അതിൽ പലതുമുണ്ടാകും. അത് ചിലപ്പോൾ വൻ തർക്കത്തിന് വഴിവെക്കും. ആ തർക്കം കോടതി കയറിയെന്നും വരാം. ഇവിടെ സംഭവിച്ചിരിക്കുന്നതും അത്തരമൊരു അപൂർവ്വ തർക്കം തന്നെയാണ്.

സ്വന്തം പേര് ട്രേഡ് മാർക്കായി ഉപയോഗിക്കാനുള്ള അവകാശമാണ് യൂറോപ്യൻ യൂണിയൻ കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന കേസിലെ വിധിയിലൂടെ മെസ്സിക്ക് ലഭിച്ചത്. ലയണൽ മെസ്സിയ്ക്ക് തന്റെ പേര് സ്പോർട്സ് അനുബന്ധ ഉപകരണങ്ങളിലും വസ്ത്രങ്ങളിലും ട്രേഡ് മാർക്കായി ഉപയോഗിക്കാം എന്ന് യൂറോപ്യൻ യൂണിയന്റെ ജനറൽ കോടതി വിധി പ്രസ്താവിച്ചു.

2011 ലാണ് മെസ്സി തന്റെ പേരിന് ട്രേഡ് മാർക്ക് ലഭിക്കാനായി അപേക്ഷിച്ചത്. എന്നാൽ അന്നു മുതൽ സൈക്കിൾ ഗിയർ നിർമാതാക്കളായ ഒരു സ്പാനിഷ് കമ്പനി മെസ്സിക്കെതിരെ രംഗത്തുവന്നു.

‘മസ്സി’ (MASSI) എന്ന പേരുള്ള സൈക്കിൾ ഗിയർ നിർമാണ കമ്പനിക്ക് മെസ്സി എന്ന താരത്തിന്റെ ട്രേഡ് മാർക്ക് വലിയ തലവേദനയുണ്ടാക്കുമെന്ന വേവലാതിയിലാണ് കമ്പനി കേസ് കൊടുത്തത്. മെസ്സിയ്ക്ക് തന്റെ പേര് ട്രേഡ് മാർക്കായി ഉപയോഗിക്കാൻ അനുവാദം നൽകരുത് എന്നായിരുന്നു കേസ്. ‘MESSI’ ഉം  ‘MASSI’ ഉം തമ്മിൽ ഉച്ഛാരണത്തിലും ദൃശ്യതയിലുമുള്ള സാമ്യമാണ് കമ്പനിയെ പൊല്ലാപ്പിലാക്കിയത്.

നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ വരുമാനം നേടുന്ന കായികതാരമാണ് ലയണൽ മെസ്സി. കളിക്കു പുറമെ വൻതുക പരസ്യങ്ങളിൽ നിന്നും ഈ താരം സ്വന്തമാക്കുന്നുണ്ട്. മെസ്സിയുടെ പേര് തന്നെയാണ് പലപ്പോഴും കച്ചവടത്തിനായി വിവിധ കമ്പനികൾ ഉപയോഗിക്കുന്നതും.

വർഷം 154 മില്യൺ ഡോളറാണ് മെസ്സിയുടെ വരുമാനം. രണ്ടാം സ്ഥാനത്തുള്ളത് ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. 113 മില്യൺ ഡോളറാണ് റൊണാൾഡോയുടെ വരുമാനം.

Leave a Reply

Your email address will not be published. Required fields are marked *