ഇന്ത്യൻ പ്രീമിയർ ലീഗിന് തുടക്കംകുറിച്ചത് ഈ നിമിഷം!

News Sports Story

ക്രിക്കറ്റ് ആരാധകരെക്കൊണ്ട് തിങ്ങിനിറഞ്ഞ ഗാലറി ശബ്ദമുഖരിതമായിരുന്നെങ്കിലും ഗ്രൌണ്ടിലെ താരങ്ങളും ടി.വിയ്ക്കു മുന്നിലിരിയ്ക്കുന്ന കാണികളും തങ്ങളുടെ നെഞ്ചിടിപ്പിന്റെ വേഗവും ശബ്ദവും മാത്രമേ തിരിച്ചറിഞ്ഞിരുന്നുള്ളൂ. ഗ്രൌണ്ടിനകത്ത് വീറോടെയും വാശിയോടെയും പൊരുതുന്ന രണ്ട് ടീമുകളുടെ മാത്രം കളിയായിരുന്നില്ല അത്. തങ്ങളുടെ ഓരോ ശ്വാസവും ക്രിക്കറ്റിൽ ലയിച്ചുചേർന്ന രണ്ട് ജനതകളുടെ പ്രതിനിധികളായിരുന്നു അവർ. അതിലുപരി കാലാകാലങ്ങളിലുണ്ടാകുന്ന രാഷ്ട്രീയകാരണങ്ങളാൽ പലവിധത്തിൽ അകന്നും അടുത്തും പെരുമാറിയ രണ്ട് രാഷ്ട്രങ്ങൾ, രണ്ട് ജനത. ഈ പശ്ചാത്തലങ്ങളൊക്കെ ആ സമയത്ത് മത്സരത്തിന് പതിവിലേറെ ആവേശം നൽകി. ദക്ഷിണാഫ്രിക്കയിലെ വാണ്ടറേഴ്സ് സ്റ്റേഡിയം ഇളകിമറിഞ്ഞു.

ബൌളിംഗ് എൻഡിൽ ഹരിയാനയിലെ റോത്തക്കിൽ നിന്നുമുള്ളൊരു മീഡിയം പേസറായ മെലിഞ്ഞ യുവാവ് പന്തെറിയാനെത്തുന്നു. അപ്പുറത്ത് തന്റെ സഹ പോരാളികളൊക്കെ ഒരു ഭാഗത്ത് വീണുകൊണ്ടേയിരുന്നപ്പോൾ അവസാന ഓവറിൽ ടീമിന്റെ സകലഭാരവും സ്വന്തം തോളിലേറ്റിയ ഒരു സീനിയർ താരവും. റോത്തക്ക് യുവാവിന്റെ പന്ത് ഫൈൻ ലെഗിലേക്ക് ഉയർത്തിയടിച്ച താരം വിജയമെന്നുറപ്പിച്ച് ആ പന്തിനെ നോക്കി ആശ്വാസംകൊള്ളുന്നു. എന്നാൽ ബൌണ്ടറി ലൈനിനും മുമ്പ് പന്ത് താഴ്ന്നിറങ്ങി ഒരു ഡാൻസിംഗ് താരത്തിന്റെ കൈകളിലമർന്നു. ആ പോരാളി അവസാന പ്രതീക്ഷയും നശിച്ചെന്ന ചിന്തയിൽ ഗ്രൌണ്ടിൽ ബാറ്റുകുത്തി തളർന്നിരുന്നു. ചുറ്റും എതിരാളികളുടെ വിജയാരവങ്ങളും ആവേശപ്രകടനങ്ങളും നിറഞ്ഞൊഴുകി.

പ്രഥമ ട്വന്റിട്വന്റി ലോകകപ്പ് ഫൈനലിൽ പാകിസ്ഥാന്റെ അവസാന ബാറ്റ്സ്മാനായ മിസ്ബാഹ് ഉൾ ഹഖിനെ വീഴ്ത്തി വിജയമാഘോഷിയ്ക്കുന്ന ഇന്ത്യൻ താരങ്ങൾ

ആരൊക്കെയാണ് ആ താരങ്ങൾ? ഏതാണ് ആ സന്ദർഭം? ക്രിക്കറ്റ് പ്രേമികൾ ഒരിക്കലും മറക്കാനിടയില്ലാത്ത, ക്രിക്കറ്റിലെ അസുലഭ മുഹൂർത്തങ്ങളിലൊന്ന്. ടീമുകളും താരങ്ങളും സന്ദർഭവും ഏവർക്കും ചിരപരിചിതമെങ്കിലും ഒരു ഇന്ത്യൻ ക്രിക്കറ്റ് പ്രേമിക്ക് വീണ്ടും വീണ്ടും പറഞ്ഞ് ആവേശംകൊള്ളാനുള്ള വകയുണ്ട് ആ വിജയത്തിന്. അതെ, ചരിത്രത്തിൽ ആദ്യത്തെ ട്വന്റിട്വന്റി ലോകകപ്പിന്റെ ഫൈനൽ നിമിഷങ്ങൾ തന്നെ. ക്രിക്കറ്റിലും രാഷ്ട്രീയത്തിലും ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും പരസ്പരം ഏറ്റുമുട്ടുകയെന്ന യാദൃശ്ചികതകൂടി ആദ്യത്തെ ടി-ട്വന്റി ലോകകപ്പിന്റെ ഫൈനൽ പോരാട്ടത്തിന് വന്നുചേർന്നത് കാലത്തിന്റെ കാവ്യനീതിയല്ലാതെ മറ്റെന്താണ്?!

വിജയത്തിനു ശേഷം ഗാലറിയിലെ കാണികളെ ഗ്രൌണ്ട് ചുറ്റി അഭിവാദ്യം ചെയ്യുന്ന താരങ്ങൾ

അവസാന ഓവർ ബൌൾ ചെയ്യാൻ അപ്രതീക്ഷിതമായെത്തിയത് ഹരിയാനക്കാരനായ ജൊഗീന്ദർ ശർമ. അദ്ദേഹമിപ്പോൾ റോത്തക്കിലെ ഡെപ്യൂട്ടി സൂപരിൻഡന്റ് ഓഫ് പോലീസായി ജോലി ചെയ്യുന്നു.ടീമിന്റെയും തന്റെ രാജ്യത്തിന്റെയും മുഴുവൻ പ്രതീക്ഷകളുമേന്തി അവസാന നിമിഷം വരെ ബാറ്റുചെയ്തത് പാക് ക്യാപ്റ്റൻ മിസ്ബാഹ് ഉൾ ഹഖ്. ഉയർന്നു പൊങ്ങിയ, ഒരു രാഷ്ട്രത്തിന്റെ മുഴുവൻ സ്വപ്നങ്ങളുടെ ഭാരമുണ്ടായിരുന്ന, ആ പന്ത് കൈപ്പിടിയിലൊതുക്കിയത് മലയാളികളുടെ സ്വന്തം ശ്രീശാന്ത്.

മിസ്ബാഹ് ഉൾ ഹഖിന്റെ പന്ത് ഫൈൻ ലെഗിൽ ക്യാച്ചെടുക്കുന്ന ഇന്ത്യയുടെ മലയാളി താരം എസ്.ശ്രീശാന്ത്

ആ സമയം ട്വന്റിട്വന്റി ഫോർമാറ്റ് ആഭ്യന്തര ക്രിക്കറ്റിൽ കളിയ്ക്കാനാരംഭിച്ചിട്ട് ഏറെക്കാലമായിരുന്നു. പതിഞ്ഞ പ്രതികരണമാണ് അതുരെ ആ ഫോർമാറ്റിനുണ്ടായിരുന്നത്. എന്നാൽ, 2007-ൽ ഐ.സി.സി സംഘടിപ്പിച്ച പ്രകടിപ്പിച്ച പ്രഥമ ട്വന്റിട്വന്റി ലോകകപ്പിൽ മഹേന്ദ്രസിങ് ധോണിയുടെ നേതൃത്വത്തിലിറങ്ങിയ അന്നത്തെ ഇന്ത്യൻ ടീം കിരീടം നേടിയതോടെ ക്രിക്കറ്റിനെ ശ്വാസംകണക്കെ പിന്തുടരുന്ന, ക്രിക്കറ്റ് ഒരു മതമാണെങ്കിൽ സച്ചിനെ അതിന്റെ ദൈവമായി കാണുന്ന ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികൾ ആ ഫോർമാറ്റിനെ ഏറ്റെടുത്തു. ഇതോടെ അമ്പരപ്പിക്കുന്ന ജനപ്രീതിയാണ് ഇന്ത്യയിൽ ട്വന്റിട്വന്റിയ്ക്കുണ്ടായത്. ക്രിക്കറ്റിന്റെ സംഘാടകരെയും ബോർഡ് അധികൃതരെയും ട്വന്റിട്വന്റി എന്ന അതിവേഗ കുട്ടിക്രിക്കറ്റിന്റെ മാസ്മരിക സ്വാധീനം ആവേശംകൊള്ളിച്ചു.

ഈ പശ്ചാത്തലത്തിലാണ് ഫുട്ബോളിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ മാതൃകയിൽ ക്രിക്കറ്റിലും ഒരു ലീഗ് വേണമെന്ന അഭിപ്രായം ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുയർന്നു വന്നത്. വ്യത്യസ്ത ഫ്രാഞ്ചൈസികളുടെ നേതൃത്വത്തിലുള്ള വ്യത്യസ്ത ടീമുകൾ, കളിക്കാർ. അധികം വൈകാതെ ഇന്ത്യയിൽ അത്തരമൊരു ലീഗ് സംഘടിപ്പിക്കപ്പെട്ടു. പക്ഷേ അത് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ നേതൃത്വത്തിലല്ലായിരുന്നു എന്നുമാത്രം.

ഇന്ത്യയിൽ ദൃശ്യമാധ്യമരംഗത്ത്, കച്ചവടരംഗത്ത് എന്നിങ്ങനെ പല മേഖലകളിലും ചരിത്രപരമായ ഇടപെടൽ നടത്തിയ കോടീശ്വരനായ ഹരിയാനക്കാരനായ സുഭാഷ് ചന്ദ്രയുടെ ബിസിനസ്സ് സംരംഭത്തിന്റെ മേൽനോട്ടത്തിലായിരുന്നു ഇന്ത്യയില ആദ്യ ട്വന്റിട്വന്റി ലീഗ് അരങ്ങേറിയത്. രാജ്യത്ത് ആദ്യമായി ഒരു സ്വകാര്യ ടി.വി ചാനൽ (സീ ടി.വി), ആദ്യമായി ഓൺലൈൻ ലോട്ടറി സംവിധാനം, ആദ്യത്തെ സ്വകാര്യ ഡി.റ്റി.എച്ച് സംവിധാനം (ഡിഷ് ടി.വി) എന്നിവയെല്ലാം ആദ്യമായി തുടങ്ങിയ, ഇന്ത്യൻ ബിസിനസ്സ് ലോകത്തും ജനങ്ങളുടെ ശീലങ്ങളിലും വരെ വലിയ സ്വാധീനം ചെലുത്തിയ ബിസിനസ്സ് സാമ്രാട്ടാണ് സുഭാഷ് ചന്ദ്ര. 1983 ൽ ഇന്ത്യയിൽ ക്രിക്കറ്റിന് ജനപ്രീതി നേടിക്കൊടുത്തത് അന്നത്തെ ഇന്ത്യയുടെ ലോകകപ്പ് നേട്ടമാണ്. ആ ടീമിന്റെ ക്യാപ്റ്റനായിരുന്ന ഇതിഹാസതാരം സാക്ഷാൽ കപിൽദേവിനെ മുൻനിർത്തിയായിരുന്നു സീ ഗ്രൂപ്പ് ഇന്ത്യൻ ക്രിക്കറ്റ് ലീഗിന് തുടക്കം കുറിച്ചത്. ഇന്ത്യയുടെ ആഭ്യന്തര താരങ്ങളും വിദേശ താരങ്ങളും ഈ ലീഗിൽ പങ്കെടുത്തു.

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം കപിൽദേവിനെ മുൻനിർത്തിയാണ് സീ ഗ്രൂപ്പ് ഇന്ത്യൻ ക്രിക്കറ്റ് ലീഗ് (ICL) സംഘടിപ്പിച്ചത്

സീ ഗ്രൂപ്പിന്റെ സമാന്തര ക്രിക്കറ്റ് ലീഗ് ബി.സി.സി.ഐയ്ക്ക് വലിയ തലവേദനയായിരുന്നു. ലീഗിൽ പങ്കെടുത്ത താരങ്ങൾക്കും ലീഗിനോട് സഹകരിച്ച കപിൽദേവ് ഉൾപ്പെടെയുള്ളവർക്കും ബി.സി.സി.ഐ വിലക്കേർപ്പെടുത്തി. ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് വലിയ ഒച്ചപ്പാടുണ്ടാക്കിയ സംഭവമായിരുന്നു അത്.

ഇതിനിടെ ഇന്ത്യയിൽ ഒരു ട്വന്റിട്വന്റി ക്രിക്കറ്റ് ലീഗിനുള്ള വലിയ സ്വീകാര്യത മനസ്സിലാക്കിയ അന്നത്തെ ബി.സി.സി.ഐ വൈസ് പ്രസിഡന്റ് ലളിത് മോഡി ചില ശ്രമങ്ങൾ തുടങ്ങിയിരുന്നു. രാജ്യത്തും ലോകത്തിന്റെ പല കോണിലുമുള്ള ബിസിനസ്സ് സാമ്രാട്ടുകളെയും കായികലോകത്തെ പ്രഗത്ഭരെയും നിരന്തരം ബന്ധപ്പെട്ടുകൊണ്ട് ഇന്ത്യയിൽ വലിയ ഒരു ക്രിക്കറ്റ് മാമാങ്കം കൊടിയിറക്കാനുള്ള പദ്ധതിയ്ക്ക തുടക്കമിട്ടു. സാധ്യത മനസ്സിലാക്കിയ ബിസിനസ്സ് സംരംഭങ്ങളും ബോളിവുഡിലെയും മറ്റും സെലിബ്രിറ്റികളും എല്ലാം ടീമുകൾക്കു വേണ്ടി വൻ തുക മുടക്കാൻ തയ്യറായി മുന്നോട്ടുവന്നു.

പ്രഥമ ഐ.പി.എൽ കമ്മീഷണറായിരുന്ന ലളിത് മോഡി പിന്നീട് വൻ സാമ്പത്തിക അഴിമതി നടത്തിയതിന്റെ പേരിൽ സ്ഥാനത്തു നിന്നു തെറിച്ചു

മറുവശത്ത് താരങ്ങളെ വിലയിട്ട് ചരക്കായി കാണുന്നതിനെതിരെയും ക്രിക്കറ്റിനെ പണക്കൊഴുപ്പിൽ മുക്കുന്നതിനെതിരെയും പലരും രംഗത്തുവന്നു. എന്നാൽ എതിർപ്പുകളെയൊക്കെ തരണംചെയ്ത് ആ സ്വപ്നപദ്ധതി പൂവണിഞ്ഞു.

അങ്ങനെ ടി-ട്വന്റി ലോകകപ്പ് ഫൈനലിൽ ശ്രീശാന്ത് ക്യാച്ചെടുത്ത് വിജയമുറപ്പിച്ചതിന്റെ കൃത്യം ഇരുന്നൂറാം ദിവസം ഇന്ത്യൻ പ്രീമിയർ ലീഗെന്ന ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് മാമാങ്കത്തിന് തുടക്കമായി. കിങ്സ് ഇലവന്റെ പ്രവീൺകുമാർ എറിഞ്ഞ ആദ്യ പന്ത് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സൌരവ് ഗാംഗുലി നേരിട്ടു. കിങ്സ് ഇലവൻ പഞ്ചാബും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ നടന്ന ഐ.പി.എൽ ചരിത്രത്തിലെ ആദ്യ മത്സരം അക്ഷരാർത്ഥത്തിൽ കുട്ടിക്രിക്കറ്റിന്റെ സ്ഫോടകശേഷി ബോധ്യപ്പെടുത്തുന്നതായിരുന്നു.

ബ്രണ്ടൻ മക്കുല്ലത്തിന്റെ തകർപ്പൻ ഇന്നിങ്സാണ് ഐ.പി.എല്ലിലെ ആദ്യ മത്സരം തന്നെ ഹിറ്റാക്കിയത്. 73 പന്തിൽ 158* റൺസ് നേടിയ മക്കുല്ലത്തിന്റെ ഇന്നിങ്സ് ട്വന്റിട്വന്റി ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സായാണ് ഇന്നും പരിഗണിയ്ക്കുന്നത്

ആദ്യ മത്സരത്തിൽ കൊൽക്കത്തയ്ക്കു വേണ്ടി ബ്രണ്ടൻ മക്കുല്ലം നേടിയ 158* (73 പന്തിൽ) എന്ന സ്കോർ ട്വന്റിട്വന്റി ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്നായി ഇന്നും തുടരുന്നു. കൊൽക്കത്തയുടെ നായകൻ സാക്ഷാൽ സൌരവ് ഗാംഗുലിയും പഞ്ചാബിന്റെ നായകൻ യുവരാജ് സിങുമായിരുന്നു. ബോളിവുഡ് സാന്നിധ്യവും ടീമുകളുടെ സ്വീകാര്യത വർധിപ്പിച്ചു. ബോളിവുഡിലെ കിങ്ഖാനായ ഷാരൂഖ് ഖാനായിരുന്നു കൊൽക്കത്തയുടെ ഉടമ. പഞ്ചാബിന്റെ ഉടമയാകട്ടെ ബോളിവുഡിലെ നുണക്കുഴിയുള്ള സുന്ദരി പ്രീതിസിന്റയും. കൂടാതെ മറ്റു പല ടീമുകളുടെ കൂടെയും വിവിധ സിനിമാ താരങ്ങളും മറ്റു സെലിബ്രിറ്റികളും അണിനിരന്നു.

ആദ്യ സീസണിൽ കിരീടം നേടിയത് അന്ന് എല്ലാവരും തള്ളിക്കളഞ്ഞ രാജസ്ഥാൻ റോയൽസായിരുന്നു. 39-കാരനായ ഓസീസ് ഇതിഹാസം ഷെയ്ൻ വോൺ നയിച്ച ടീമിന് ആരും സാധ്യത കൽപിച്ചിരുന്നില്ല. എന്നാൽ അതു സംഭവിച്ചു. ഒരു പിടി പുതുമുഖങ്ങളെയും കൊണ്ടിറങ്ങിയ ഷെയ്ൻ വോണും സംഘവും പ്രഥമ ഐ.പി.എൽ കിരീടംചൂടി. ഇന്ന് ഇന്ത്യൻ ടീമിന്റെ തകർപ്പൻ ഓൾറൌണ്ടർ രവീന്ദ്ര ജഡേജയും കൂറ്റനടിക്കാരൻ യൂസുഫ് പത്താനും വിശ്വസ്ത ബാറ്റ്സ്മാൻ അജിങ്ക്യ രഹാനെയുമെല്ലാം അന്ന് ഷെയ്ൻ വോണിന്റെ ശിക്ഷണത്തിൽ പ്രതിഭകാണിച്ചവരായിരുന്നു.

ഷെയ്ൻ വോണിന്റെ നേതൃത്വത്തിലിറങ്ങിയ രാജസ്താൻ റോയൽസാണ് പ്രഥമ ഇന്ത്യൻ പ്രീമിയർ ലീഗ് ജേതാക്കളായത്

പിന്നീടങ്ങോട്ടുള്ള ഒരു സീസണുകളിലും സംഘാടകർക്ക് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. എല്ലാ ലീഗും ഒന്നിനൊന്ന് മെച്ചം. 2010 ൽ മുംബൈ ഭീകരാക്രമണം നടന്നപ്പോഴും സംഘാടകർ തളർന്നില്ല. ക്രിക്കറ്റിൽ ഏറെ സൌഹൃദത്തിൽ നിൽക്കുന്ന ദക്ഷിണാഫ്രിക്കയിലേക്ക് ഐ.പി.എല്ലിനെ പറിച്ചുനട്ടുകൊണ്ട് ഐ.പി.എൽ ഗവേണിംഗ് ബോഡി ശക്തിതെളിയിച്ചു. പിന്നീട് വമ്പൻ സാമ്പത്തിക അഴിമതിയിൽ ഐ.പി.എൽ കമ്മീഷണറായിരുന്ന ലളിത് മോഡി കുടുങ്ങിയപ്പോഴും ബി.സി.സി.ഐയുടെ കൃത്യമായ ഇടപെടലോടെ ലീഗിന്റെ പ്രവർത്തനം സുഗമമായി തുടർന്നു.

ഐ.പി.എല്ലിനു ശേഷം വിവിധ രാജ്യങ്ങളിൽ പല പേരുകളിൽ ലീഗുകൾ അരങ്ങേറി. അപ്പോഴും ഇന്ത്യൻ പ്രീമിയർ ലീഗ് തലയെടുപ്പോടെ തന്നെ നിന്നു. ക്രിക്കറ്റിന്റെ പിറവിയെന്ന പോലെതന്നെ കുട്ടിക്രിക്കറ്റിന്റെയും പിറവിയെടുത്തത് ഇംഗ്ലണ്ടിലാണ്. ആ ഇംഗ്ലണ്ടിലെ താരങ്ങൾ പോലും ആവേശത്തോടെ കളിയ്ക്കാനെത്തുന്നത് ഐ.പി.എല്ലിലേക്കാണ് എന്നത് ലീഗിന്റെ പ്രശസ്തി സൂചിപ്പിക്കുന്നതാണ്.

വിവിധ ടീമുകൾക്കായി, താരങ്ങൾക്കായി, രാജ്യത്തിന്റെ അതിർത്തികളെ ഭേദിച്ചുകൊണ്ട് ആരാധകർ ഇന്ത്യൻ പ്രീമിയർ ലീഗിനെ ഏറ്റെടുത്തുകഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *