നിരായുധരായി ഗംഭീറും കൂട്ടരും; കൊൽക്കത്തയ്ക്കെതിരെ 71 റൺസ് തോൽവി

Cricket IPL 2018 News Sports

കൊൽക്കത്തയുടെ ഹോംഗ്രൌണ്ടായ ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ ഒന്നു പൊരുതാൻ പോലുമാകാതെ ആയുധം വച്ച് കീഴടങ്ങി ഗംഭീറിന്റെ ഡൽഹി ഡെയർ ഡെവിൾസ്. കഴിഞ്ഞ മത്സരത്തിൽ ജേസൺ റോയിയുടെ തകർപ്പൻ ഇന്നിങ്സിലൂടെ ശരിക്കും ഡെവിൾസായി മാറിയ ഡൽഹിയ്ക്ക് ഇത്തവണ ചുവടു പിഴച്ചു. സ്പിന്നർമാരായ സുനിൽ നരെയ്നും കുൽദീപ് യാദവുമാണ് ഡൽഹി ബാറ്റിംഗ് നിരയെ എറിഞ്ഞുതകർത്തത്.

ആദ്യം ബാറ്റുചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 9 വിക്കറ്റ് നഷ്ടത്തിൽ 200 റൺസാണ് അടുച്ചുകൂട്ടിയത്. ഓപ്പണർ സുനിൽ നരെയൻ പെട്ടെന്ന് പുറത്തായെങ്കിലും ക്രിസ് ലിന്നും (31) റോബിൻ ഉത്തപ്പയും (35) സ്കോറിംഗ് വേഗത്തിലാക്കി. നാലാമനായിറങ്ങിയ നിതീഷ് റാണയാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ. 35 പന്തിൽ 59 റൺസെടുത്ത റാണ നാല് സിക്സറുകളും അഞ്ച് ഫോറുകളും പായിച്ചു. ക്യാപ്റ്റൻ ദിനേഷ് കാർത്തിക് 19 റൺസെടുത്തു പുറത്തായി.

സിക്സർ പായിയ്ക്കുന്ന കൊൽക്കത്ത ബാറ്റ്സ്മാൻ ആന്ദ്രെ റസ്സൽ
(കടപ്പാട്: iplt20.com)

തകർപ്പൻ ഫോം തുടരുന്ന കൊൽക്കത്തയുടെ വെസ്റ്റിൻഡീസ് താരം ആന്ദ്രെ റസ്സൽ ഈ മത്സരത്തിലും വെടിക്കെട്ട് പ്രകടനമാണ് നടത്തിയത്. വെറും 12 പന്തിൽ നിന്ന് 41 റൺസ് അടിച്ചുകൂട്ടിയ താരം 6 പടുകൂറ്റൻ സിക്സറുകളാണ് അടിച്ചെടുത്തത്. അവസാന ഓവറുകളിൽ അതിവേഗം റൺസ് സ്കോർ ചെയ്യാൻ റസ്സലിനും റാണയ്ക്കും കഴിഞ്ഞതാണ് കൊൽക്കത്തയെ മികച്ച ടോട്ടലിലെത്തിച്ചത്.

കൂറ്റൻ വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹി ഡെയർ ഡെവിൾസ് 14.2 ഓവറിൽ വെറും 129 റൺസിലൊതുങ്ങി. വെടിക്കെട്ട് താരം ജേസൺ റോയ് (1) ആദ്യമേ പുറത്തായി. പിന്നാലെ ശ്രേയസ് അയ്യരും ക്യാപ്റ്റൻ ഗംഭീറും പുറത്തായതോടെ ഡൽഹി മൂന്ന് ഓവറിൽ 24 റൺസിന് 3 വിക്കറ്റ് എന്ന നിലയിലായി.

ഗംഭീറിനെ പുറത്താക്കിയ സന്തോഷത്തിൽ കൊൽക്കത്ത താരങ്ങൾ
(കടപ്പാട്: iplt20.com)

നാലാം വിക്കറ്റിൽ ഒത്തുചേർന്ന റിഷഭ് പന്തും ഗ്ലെൻ മാക്സവെല്ലുമാണ് ഡൽഹിയെ മാനക്കേടിൽ നിന്ന് രക്ഷിച്ചത്. റിഷഭ് 26 പന്തിൽ ഒരു സിക്സറും ഏഴ് ബൌണ്ടറികളും പായിച്ച് 43 റൺസെടുത്തു. ഗ്ലെൻ മാക്സവെൽ 22 പന്തിൽ നാല് സിക്സറുകളും മൂന്ന് ഫോറുകളും പായിച്ച് 47 റൺസെടുത്ത് പുറത്തായി.

ഡൽഹി ബാറ്റിംഗിനെ അടിമുടി തകർത്തത് കൊൽക്കത്തയുടെ സുനിൽ നരെയ്നും കുൽദീപ് യാദവും ചേർന്ന സ്പിൻ ജോഡിയാണ്. സുനിൽ നരെയ്ൻ മൂന്ന് ഓവറിൽ 18 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തപ്പോൾ, കുൽദീപ് 3.2 ഓവറിൽ 32 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. ഡൽഹി ബാറ്റിംഗ് നിരയിൽ രണ്ട് പേർക്ക് മാത്രമാണ് രണ്ടക്കം കാണാനായത്. ഗംഭീറടക്കമുള്ള ബാക്കി ഒൻപത് പേർക്കും രണ്ടക്കംപോലും കാണാനായില്ലെന്നത് ടീമിന്റെ അസ്ഥിരതയാണ് കാണിയ്ക്കുന്നതെന്ന് മത്സരശേഷം താരങ്ങൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *