ട്വന്റിട്വന്റിയിൽ സ്ഫോടകശേഷിയുള്ള ടീമാണ് ഇംഗ്ലണ്ടെന്ന് കോഹ്ലി

Cricket News Sports

ഈ വർഷം ജൂലെയിൽ നടക്കുന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനു മുമ്പ് താക്കീതുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ കോഹ്ലി. ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ മികച്ച സ്ഫോടകശേഷിയുള്ള ബാറ്റ്സ്മാന്മാരും ബൌളർമാരുമുള്ള കരുത്തുറ്റ ടീമാണ് ഇംഗ്ലണ്ട് എന്നാണ് കോഹ്ലി അഭിപ്രായപ്പെട്ടത്. എന്തുകൊണ്ടാണ് കൂടതൽ ഇംഗ്ലണ്ട് താരങ്ങൾ ഐ.പി.എല്ലിൽ എത്തുന്നതെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു കോഹ്ലി മറുപടി പറഞ്ഞത്.

“ഒരു പക്ഷേ കഴിഞ്ഞ കുറച്ച് കാലങ്ങളായി അവർ ഏതുതരത്തിലാണ് ട്വന്റിട്വന്റിയിൽ കളിക്കുന്നതെന്ന് നോക്കിയാൽ അത് മനസിലാകും. കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ ട്വന്റിട്വന്റി ലോകകപ്പു മുതൽ. അവർക്ക് സ്ഫോടനാത്മക ശേഷിയുള്ള ഒരുകൂട്ടം കളിക്കാരുണ്ട്”- ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.

2015 ലെ ഏകദിന ലോകകപ്പിൽ ആദ്യറൌണ്ടിൽ തന്നെ പുറത്താകേണ്ടി വന്നു ക്രിക്കറ്റിന് ജന്മം നൽകിയ രാജ്യമായ ഇംഗ്ലണ്ടിന്. എന്നാൽ അതിനു ശേഷം നടന്ന നിശ്ചിത ഓവർ മത്സരങ്ങളിൽ മികച്ച രീതിയിൽ തിരിച്ചുവരാൻ അവർക്കായി. കഴിഞ്ഞ വർഷം നടന്ന ഐ.സി.സി ചാമ്പ്യൻസ് ട്രോഫിയുടെ സെമിഫൈനൽ വരെയെത്തിയ ടീം മികച്ച ഫോമിലായിരുന്നു.

ലോകകപ്പിനു ശേഷം സ്വന്തം നാട്ടിൽ നടന്ന ഏഴ് ഏകദിന പരമ്പരകളിൽ ആറിലും ഇംഗ്ലണ്ട് തന്നെ വിജയിച്ചു. 2016 ലെ ഇന്ത്യയിൽ നടന്ന ട്വന്റിട്വന്റി ലോകകപ്പിൽ ഫൈനലിലെത്തിയ ഇംഗ്ലീഷ് ടീം വെസ്റ്റിൻഡീസിനോട് തലനാരിഴയ്ക്കാണ് തോറ്റത്.

ക്രിസ് വോക്സ്, മൊയീൻ അലി, ജോസ് ബട്ലർ, ബെൻ സ്റ്റോക്സ്, ജേസൺ റോയ് തുടങ്ങി 12 ഓളം ഇഗ്ലീഷ് താരങ്ങൾ ഇത്തവണ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിയ്ക്കുന്നുണ്ട്. ഐ.പി.എല്ലിൽ കളിയ്ക്കുന്നവരെ കൂടാതെ ഒരുപിടി മികച്ച താരങ്ങളുള്ള ടീമാണ് ഇംഗ്ലണ്ടിന്റേതെന്ന ഓർമപ്പെടുത്തൽ കൂടിയാണ് വിരാട് കോഹ്ലിയുടേത്. ക്രിസ് വോക്സും മൊയീൻ അലിയും കോഹ്ലി നയിയ്ക്കുന്ന ബംഗളൂരു റോയൽ ചലഞ്ചേഴ്സിലാണ് കളിയ്ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *