ചാമ്പ്യൻസ് ലീഗിൽ ഇനി പോരാട്ടം പൊടിപൊടിയ്ക്കും; സെമിഫൈനൽ മത്സരങ്ങൾ ഇങ്ങനെ

Football News Sports

യുവേഫ ചാമ്പ്യൻസ് ലീഗിലെ രണ്ടാംപാദ ക്വാർട്ടർ ഫൈനൽ മത്സരങ്ങളും പൂർത്തിയായതോടെ സെമിഫൈനൽ പോരാട്ടങ്ങൾക്കുള്ള കാത്തിരിപ്പിലാണ് ഫുഡ്ബോൾ പ്രേമികൾ. സെമിഫൈനൽ യോഗ്യത നേടിയ നാല് ടീമുകളാകട്ടെ ആരാധകരുടെ പ്രതീക്ഷകൾക്ക് നിറംപകരാനുള്ള തയ്യാറെടുപ്പിലാണ്.

ഇന്നലെ നടന്ന ബയേൺ മ്യൂണിക് – സെവിയ്യ രണ്ടാംപാദ ക്വാർട്ടർ ഫൈനൽ മത്സരം സമനിലയിലായതോടെ സെമി ബെർത്ത് ഉറപ്പിച്ചിരിക്കുകയാണ് ജർമൻ ക്ലബ്ബ് ബയേൺ മ്യൂണിക്. രണ്ടാംപാദ ക്വാർട്ടർ ഫൈനലിൽ യുവന്റസിനെതിരെ അവസാന നിമിഷത്തിൽ നേടിയ ഗോളിലൂടെ സെമി ഉറപ്പിച്ച സ്പാനിഷ് കിങ്സ് റയൽ മാഡ്രിഡാണ് സെമിഫൈനലിൽ ജർമൻ ക്ലബ്ബിന്റെ എതിരാളികൾ.

യുവന്റസിനെതിരായ മത്സരത്തിൽ ബൈസൈക്കിൾ കിക്കെടുക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ

കഴിഞ്ഞ സീസണിൽ ക്വാർട്ടർ ഫൈനലിൽ പ്രയാണമവസാനിച്ച ജർമൻ ടീമിന് ഇത്തവണ കണക്കു തീർത്തേ മതിയാകൂ. ബയേണിന്റെ ഫ്രഞ്ച് വെറ്ററൻ താരം ഫ്രാങ്ക് റിബറിയും ഹോളണ്ട് പടക്കുതിര ആര്യൻ റൂബനും അടുത്ത വർഷം അവസാനം വരെ കരാർ പുതുക്കിയത് ടീമിന് ആശ്വാസമാണ്. അതേസമയം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മികച്ച ഫോമിൽ സെമിഫൈനലിന്റെ ഇരുപാദങ്ങളിലും കരകയറാനാകുമെന്നാണ് റയൽ ആരാധകരുടെ പ്രതീക്ഷ. ഒന്നാം പാദ ക്വാർട്ടർഫൈനൽ മത്സരത്തിൽ യുവന്റസിനെതിരെ റൊണാൾഡോ നേടിയ ബൈസൈക്കിൾ കിക്കിന്റെ ലഹരി ഫുട്ബോൾ ലോകത്ത് ഇനിയും മാഞ്ഞിട്ടില്ല.

മറ്റൊരു സെമിഫൈനലിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കരുത്തരായ ലിവർപൂളും ഇറ്റാലിയൻ ക്ലബ് എ.സി.റോമയും ഏറ്റുമുട്ടും. ഈജിപ്ഷ്യൻ താരം മുഹമ്മദ് സ്വലാഹിനെ മുൻനിർത്തിയാണ് ലിവർപൂൾ കോച്ച് ക്ലോപ്പിന്റെ തന്ത്രങ്ങളത്രയും. മികച്ച കളിയാണ് ടീം ഇതുവരെയും കാഴ്ച്ച വച്ചത്. അതിനാൽ മികച്ച പ്രതീക്ഷയിലുമാണ് ലിവർപൂൾ ആരാധകർ.

എന്നാൽ, മെസ്സിയും സുമാവരസും ഇനിയസ്റ്റയുമടങ്ങുന്ന ബാഴ്സലോയണയെ ലീഗിൽ നിന്നും കെട്ടുകെട്ടിച്ചാണ് എ.സി.റോമയുടെ വരവ്. ഒന്നാം പാദ മത്സരം തോറ്റ അവർ രണ്ടാം പാദ മത്സരത്തിൽ മിന്നുന്ന ഫോമിലായിരുന്നു. മനോഹരമായ ഫുട്ബോൾ വിരുന്നൊരുക്കിയ റോമ അന്ന് 3-0 നാണ് ബാഴ്സലോണയെ പരാജയപ്പെടുത്തിയത്. റോമയുടെ മുൻതാരമായിരുന്ന മുഹമ്മദ് സ്വലാഹിന്റെ നേതൃത്വത്തിലാണ് ലിവർപൂൾ ഇറങ്ങുന്നതെന്നത് ഫുട്ബോൾ ആരാധകരുടെ കൌതുകം കൂട്ടുന്നു.

ലിവർപൂളിന്റെ ഈജിപ്ഷ്യൻ താരം മുഹമ്മദ് സ്വലാഹ്

ഒന്നാംപാദ സെമിഫൈനൽ മത്സരങ്ങൾ ഏപ്രിൽ 24, 25 തിയ്യതികളിൽ നടക്കും. രണ്ടാംപാദ സെമിഫൈനൽ മത്സരങ്ങൾ മെയ് 1,2 തിയ്യതികളിലും നടക്കും. സെമിഫൈനൽ വിജയികൾ മാറ്റുരയ്ക്കുന്ന ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ പോരാട്ടം മെയ് 26 ശനിയാഴ്ച്ച നടക്കും.

Leave a Reply

Your email address will not be published. Required fields are marked *