അവസാന മിനിറ്റിൽ റൊണാൾഡോയുടെ പെനാൽറ്റി കിക്കിൽ റയലിന് ജീവൻ; യുവന്റസ് ലീഗിൽ നിന്ന് പുറത്ത്

Football News Sports

കളിയുടെ അവസാന നിമിഷം നടന്നത് ഒട്ടേറെ നാടകീയരംഗങ്ങൾ. ചാമ്പ്യൻസ് ലീഗിലെ തന്റെ അവസാന മത്സരത്തിൽ യുവന്റസ് ഗോൾകീപ്പർ ബഫൺ ചുവപ്പുകാർഡ് കണ്ട് പുറത്ത്.

ചാമ്പ്യൻസ് ലീഗിന്റെ രണ്ടാംപാദ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ യുവന്റസിനെതിരെ റയലിന് 3-1 ന്റെ തോൽവി. തോറ്റെങ്കിലും രണ്ട് മത്സരങ്ങളിലുമായി 4-3 എന്ന അന്തിമ സ്കോറിൽ റയൽ ചാമ്പ്യൻസ് ലീഗിന്റെ സെമി ബെർത്ത് ഉറപ്പിച്ചു. കളിയുടെ 90 മിനിറ്റിലും ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് പിന്നിട്ടുനിന്ന റയലിന് റഫറിയുടെ ‘കളി’കൊണ്ട് അവസാന മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലാണ് ജീവൻ തിരിച്ചുകിട്ടിയത്. അധികസമയമായി മൂന്ന് മിനിറ്റാണ് അനുവദിച്ചെങ്കിലും ഏഴാം മിനിറ്റിലാണ് ഗോളോടെ കളിയവസാനിച്ചത്. റൊണാൾഡോ തൊടുത്ത പെനാൽറ്റി കിക്ക് ഗോളായതോടെ ഇരു പാദങ്ങളിലെയും മൊത്തം സ്കോറായ 4-3 ന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

ബാഴ്സലോണയ്ക്കും മാഞ്ചസ്റ്റർ സിറ്റിയ്ക്കും പിന്നാലെ റയലും പുറത്താകുമെന്ന ഭീതിയിലായിരുന്നു റയൽ ആരാധകർ. യുവന്റസ് ആരാധകരാകട്ടെ അധികസമയത്തെ മൂന്നാം മിനിറ്റ് വരെ ജയവും സെമിഫൈനൽ ബെർത്തും ഉറപ്പിച്ച സന്തോഷത്തിലായിരുന്നു. എന്നാൽ മാഡ്രിഡ് താരം ലൂക്കാസ് വാസ്ക്വെസിനെ പെനാൽറ്റി ബോക്സിൽ വച്ച് യുവന്റസിന്റെ മൊറോക്കോ താരം മേദി ബെനേഷ്യ കാലുകൊണ്ട് നെഞ്ചിൽ ചവിട്ടിവീഴ്ത്തി. ഇതോടെ റഫറി മൈക്കേൽ ഒലിവർ മാഡ്രിഡിന് പെനാൽറ്റി അനുവദിച്ചത്. അധികസമയത്തെ അവസാന മിനിറ്റിലായിരുന്നു റഫറി പെനാൽറ്റി അനുവദിച്ചത്.

അനർഹമായി പെനാൽറ്റി അനുവദിച്ചതിൽ റഫറിയോട് പ്രതിഷേധിയ്ക്കുന്ന യുവന്റസ് ഗോൾകീപ്പർ ബഫൺ

അവസാന നിമിഷം അനർഹമായി പെനാൽറ്റി അനുവദിച്ചതിന്റെ പേരിൽ ബഫണിന്റെ നേതൃത്വത്തിൽ യുവന്റസ് താരങ്ങൾ റഫറിയ്ക്കെതിരെ പ്രതിഷേധവുമായി വളഞ്ഞു. റഫറിയോട് അരിശം തീർത്ത ബഫണിനെ ചുവപ്പ് കാർഡ് കാണിച്ച് പുറത്താക്കിയാണ് റഫറി മറുപടി നൽകിയത്. കാണികളും കടുത്ത പ്രതിഷേധമാണ് രേഖപ്പെടുത്തിയത്. ബഫണിന് പകരം ഗോളിയെത്തിയെങ്കിലും റൊണാൾഡോയെടുത്ത പെനാൽറ്റി കിക്ക് തടയാൻ യുവന്റസിനായില്ല.

Leave a Reply

Your email address will not be published. Required fields are marked *