ചാമ്പ്യൻസ് ലീഗിൽ നിന്ന് ഇംഗ്ലീഷ് ചാമ്പ്യന്മാർ പുറത്ത്: ലിവർപൂളിനോട് തോറ്റ് സിറ്റി

Football News Sports

യുവേഫ ഫുട്ബോൾ ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം പാദ ക്വാർട്ടർ ഫൈനൽ മത്സരത്തിലും ലിവർപൂളിനോട് പരാജയപ്പെട്ട ഇംഗ്ലീഷ് പ്രീമിയർലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്ത്. രണ്ടാംപാദ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ 2-1 നാണ് സിറ്റി തോറ്റത്. ലിവർപൂളിന്റെ സൂപ്പർതാരങ്ങളായ മുഹമ്മദ് സ്വലാഹിന്റെയും റോബർട്ട് ഫിർമിന്യോയുടെയും തകർപ്പൻ ഗോളുകളാണ് വിജയം സമ്മാനിച്ചത്.

ആദ്യം സ്കോർ ചെയ്തത് സിറ്റിയായിരുന്നു. കളിയാരംഭിച്ച് രണ്ട് മിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ ഗബ്രിയേൽ ജെസ്യു നേടിയ ഗോളിലൂടെ സിറ്റി മുന്നിലെത്തി. ആദ്യ പകുതിയിൽ ഏകപക്ഷീയമായ ഒരു ഗോളിന് മുന്നിട്ട് നിന്ന സിറ്റിയ്ക്ക് പക്ഷേ രണ്ടാം പകുതിയിൽ കാലിടറി.

ലിവർപൂളിന്റെ ആദ്യഗോൾ നേടിയ മുഹമ്മദ് സ്വലാഹിനെ അഭിനന്ദിയ്ക്കുന്ന സഹതാരങ്ങൾ

ലിവർപൂളിന്റെ ഈജിപ്ഷ്യൻ സൂപ്പർതാരം മുഹമ്മദ് സ്വലാഹിന്റെ ഗോളുലൂടെ 56-ാം മിനിറ്റിൽ തിരിച്ചടിച്ചു. പെനാൽറ്റി ബോക്സിൽ വച്ച് ഗോളിയെ വെട്ടിച്ച് ഇടംകാൽ കൊണ്ട് തൊടുത്ത ഷോട്ട് വലയിലാകുകയായിരുന്നു. തുടർന്ന് 77-ാം മിനിറ്റിൽ ബ്രസീലിയൻ സൂപ്പർതാരം ഫിർമീന്യോയുടെ ഗോളിലൂടെ ലിവർപൂൾ ആധിപത്യം നേടി.

ലിവർപൂളിന്റെ രണ്ടാം ഗോൾ സ്വന്തമാക്കിയ റോബർട്ടോ ഫിർമിന്യോയുടെ ആഹ്ലാദം

നേരത്തെ ഒന്നാംപാദ ക്വാട്ടർ ഫൈനൽ മത്സരത്തിൽ ലിവർപൂളിനോട് 3-0 ന് സിറ്റി തോറ്റിരുന്നു. രണ്ടാംപാദ മത്സരവും 2-1 ന് തോറ്റതോടെ 5-1 എന്ന മൊത്തം സ്കോറിന് ലിവർപൂൾ മുന്നിലെത്തി. ഇനി സെമിഫൈനൽ പോരാട്ടങ്ങൾക്കുള്ള കാത്തിരിപ്പിലാണ് ഫുട്ബോൾ പ്രേമികൾ.

Leave a Reply

Your email address will not be published. Required fields are marked *