ഗ്ലാമറിനപ്പുറമുള്ള ‘മോഡലാണ്’ സാനിയ

News Others Sports Story Tennis

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ആഞ്ഞടിച്ച് സൂപ്പർതാരം. കുഞ്ഞിന് പേരിടൽ വ്യത്യസ്തമാകും; തുറന്നു പറഞ്ഞ് സാനിയ മിർസ

ഇന്ത്യൻ കായികലോകത്തിനു തന്നെ പുത്തനുണർവ്വ് പകർന്ന സൂപ്പർതാരമാണ് സാനിയ മിർസ. തന്റെ പതിനാറാം വയസ്സിൽ വിംബിൾഡൺ ചാമ്പ്യൻഷിപ്പിൽ വനിതകളുടെ ഡബിൾസ് കിരീടം ചൂടിയ സാനിയ ഇന്ത്യയിലെ എന്നല്ല മൂന്നാംലോക രാജ്യങ്ങളിലെ എല്ലാ പൊരുതുന്ന സ്ത്രീകൾക്കും പെൺകുട്ടികൾക്കും ആവേശവും പ്രചോദനവുമാണ് എന്ന കാര്യത്തിൽ തർക്കമില്ല. വുമൺസ് ടെന്നീസ് അസോസിയേഷന്റെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം വരെയെത്തിയ സാനിയ ഇന്ത്യൻ ടെന്നീസ് ലോകത്ത് പുതിയ കാവ്യങ്ങൾ രചിയ്ക്കുകയായിരുന്നു.

തന്റെ കളിജീവിതത്തിലെന്ന പോലെത്തന്നെ വ്യക്തിജീവിതത്തിലും സൂപ്പർതാരമാണ് അവർ. രാഷ്ട്രീയമായി ഏറെ അകൽച്ചയിൽ കഴിയുന്ന രണ്ട് രാജ്യങ്ങൾക്കിടയിൽ പ്രണയത്തിന്റെ തകർക്കാനാവാത്ത ബന്ധം തീർത്ത വ്യക്തികൂടിയാണ് സാനിയ. മുസ്ലിം നാമധാരിയായതിന്റെ പേരിലും ഒരു പാകിസ്ഥാൻ യുവാവിനെ പ്രണയിച്ചതിന്റെ പേരിലും വർഗീയവാദികളാലും കടുത്ത ദേശീയവാദികളാലും നിരന്തരം ആക്രമണം നേരിടേണ്ടിവന്നു സാനിയയ്ക്ക്. എന്നാൽ എല്ലാവിധ ആക്രമണങ്ങളെയും അതിജീവിച്ചുകൊണ്ട് സാനിയ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനായ ഷോയ്ബ് മാലികിന്റെ ജീവിതസഖിയായി.

ഇപ്പോഴിതാ തങ്ങളുടെ ദാമ്പത്യത്തിനിടയ്ക്കുള്ള ഒരു രഹസ്യം സാനിയ ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞിരിയ്ക്കുന്നു. കേവലം ഒരു രഹസ്യത്തിനപ്പുറമുള്ള മൂല്യമുണ്ട് ഈ താരത്തിന്റെ വെളിപ്പെടുത്തലിന്. തങ്ങൾക്കു പിറക്കുന്ന കുഞ്ഞിന് മാലിക് എന്ന് മാത്രം പോരെന്നും ‘മിർസ മാലിക്’ എന്ന പേരാണ് സർനെയിമായി നൽകാൻ ഉദ്ദേശിച്ചിരിയ്ക്കുന്നതെന്നും അവർ പറഞ്ഞു. എത്ര വിദ്യാഭ്യാസമുള്ളവരായാലും സാധാരണ അച്ഛന്റെ പേരുമാത്രമാണ് കുഞ്ഞിന്റെ പേരിനു കൂടെ ചേർക്കാറുള്ളത്. എന്നാൽ അവിടെയും ആണിനും പെണ്ണിനും വ്യത്യസ്ത ഗ്രേഡുകളാണുള്ളതെന്നും അതിനുള്ള ഒരു പൊളിച്ചെഴുത്താണ് തങ്ങളുടെ തീരുമാനമെന്നും സാനിയ തുറന്നുപറഞ്ഞു. തന്റെ പങ്കാളിയായ ഷോയ്ബ് മാലികിനും ഇത് പൂർണ സമ്മതമാണെന്നും അവർ അഭിമുഖത്തിൽ പറഞ്ഞു.

“ഇന്ന് ഞാൻ നിങ്ങളോടൊരു രഹസ്യം പറയാം. ഞാനും എന്റെ ഭർത്താവും ഞങ്ങൾക്ക് ഒരു കുട്ടിയുണ്ടാകുകയാണെങ്കിൽ സർനെയിമായി എന്തു പേരിടണമെന്ന് ചർച്ച ചെയ്തിരുന്നു. വെറും മാലിക് എന്നല്ല മിർസമാലിക് എന്നായിരിയ്ക്കണം അതെന്നും ഞങ്ങൾ തീരുമാനിച്ചു. അതാണ് ഞാനും എന്റെ ഭർത്താവുമടങ്ങുന്ന കുടുംബത്തിന്റെ തീരുമാനം. അദ്ദേഹത്തിന് ഞങ്ങൾക്ക് ഒരു പെൺകുഞ്ഞ് വേണമെന്നാണ് ആഗ്രഹം”-സാനിയ ചർച്ചയിൽ പങ്കെടുക്കവേ പറഞ്ഞു.

“തന്റെ അച്ഛനും അമ്മയ്ക്കും ഞാനും സഹോദരിയുമടങ്ങുന്ന രണ്ട് പെൺകുട്ടികളാണുള്ളത്. ബന്ധുക്കളെല്ലാവരും ഒരു ആൺകുട്ടിയില്ലാത്തിന്റെ കാര്യം മാതാപിതാക്കളോട് പറയുമായിരുന്നു. എന്നാൽ എന്റെ മാതാപിതാക്കൾക്ക് കുടുംബത്തിന്റെ പാരമ്പര്യം കാക്കാൻ ഒരു ആൺകുട്ടി വേണമെന്ന തോന്നലുണ്ടായിരുന്നില്ല. പകരം അവർ ഞങ്ങളെ പൂർണസ്വാതന്ത്ര്യത്തോടുകൂടി വളർത്തി. രാജ്യത്തിനു തന്നെ അഭിമാനകരമായ വിജയങ്ങൾ എനിയ്ക്കു നേടാൻ സാധിച്ചതിന്റെ ക്രെഡിറ്റ് അവർക്കുകൂടിയുള്ളതാണ്”-ഇന്ത്യയുടെ ടെന്നീസ് സൂപ്പർതാരം പറഞ്ഞു. ഇത്തവണത്തെ ഗോവൻ ഫെസ്റ്റിന്റെ ഭാഗമായി ലിംഗ അസമത്വം എന്ന വിഷയത്തെ സംബന്ധിച്ച് സംഘടിപ്പിച്ച ഒരു പാനൽ ചർച്ചയിലാണ് സാനിയ തന്റെ ജീവിതത്തിലെ പൊളിറ്റിക്കലായ ഈ തീരുമാനം തുറന്നു പറഞ്ഞത്.

പാക് ക്രിക്കറ്റ് താരം ഷോയ്ബ് മാലികുമായുള്ള സാനിയയുടെ പ്രണയവിവാഹബന്ധം ഇരു രാജ്യങ്ങൾക്കുമിടയിലെ അതിർത്തിവര മായ്ക്കുന്ന ഒന്നായിരുന്നു. ഇരു രാജ്യങ്ങളിലും ജീവിയ്ക്കുന്നവർക്ക് പ്രണയിയ്ക്കാമെന്നും പ്രണയിയ്ക്കുന്ന കമിതാക്കൾക്ക് ഒരുമിയ്ക്കാമെന്നും കാണിച്ചുതന്ന ജീവിതമാണ് ഇരുവരുടേതും.

രാജ്യത്ത് സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ചും വിവേചനത്തെ കുറിച്ചും സാനിയ ചർച്ചയിൽ അഭിപ്രായപ്പെട്ടു. “എന്റെ കല്യാണത്തിനു ശേഷവും ഞാനെന്റെ സർനെയിം മാറ്റിയിട്ടില്ല. ഞാനിപ്പോഴും സാനിയ മിർസയാണ്. ഇനിയുള്ള കാലവും അതങ്ങനെ തന്നെയാകും.”- സാനിയ സദസ്സിലെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു.

കായികതാരങ്ങൾക്കിടയിലും വനിതാതാരങ്ങൾക്ക് നേരിടേണ്ടിവരുന്ന വിവേചനങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്കും സാനിയ മറുപടി പറഞ്ഞു. ഒരിയ്ക്കൽ ഒരു അഭിമുഖ പരിപാടിയിൽ ടി.വി ജേർണലിറ്റായ രാജ്ദീപ് സർദേശായിയുടെ ചോദ്യത്തിന് സാനിയ ചുട്ട മറുപടി കൊടുക്കുകയുണ്ടായി. “നിങ്ങൾ നിങ്ങളുടെ റിട്ടയർമെന്റിനെ കുറിച്ചോ കുടുംബത്തെ കുറിച്ചോ മാതൃത്വത്തെ കുറിച്ചോ ഒന്നും പറഞ്ഞില്ലല്ലോ? ടെന്നീസിനപ്പുറമുള്ള ജീവിതം എങ്ങനെയാണ്?”. ഇതായിരുന്നു അന്ന് സാനിയയെ ചൊടിപ്പിച്ച ചോദ്യം.

“ഈ സമയം ഞാൻ ലോക റാങ്കിങ്ങിൽ ഒന്നാമതെത്തിയതിനേക്കാൾ കൂടുതൽ പ്രാധാന്യത്തോടെ എന്തുകൊണ്ട് മാതൃത്വത്തെ തെരഞ്ഞെടുത്തില്ല എന്ന ചോദ്യം എന്നെ നിരാശപ്പെടുത്തുന്നു.ഏതായാലും താങ്കളുടെ ചോദ്യത്തിനുത്തരം പറയാം. ഈ ചോദ്യം ഞാനൊരു പെണ്ണായതിന്റെ പേരിൽ ജീവിതത്തിലുടനീളം കേൾക്കുന്നതാണ്. അല്ലെങ്കിൽ എല്ലാ പെൺകുട്ടികളും കേൾക്കുന്നതാണ്. ആദ്യം കല്യാണവും പിന്നീട് മാതൃത്വവും. അതുകൊണ്ട്, എത്ര വിംബിൾഡൺ നമ്മൾ നേടിയെന്നോ ഒന്നാം റാങ്കിലെത്തിയെന്നോ മനസിലാകാത്ത കാലത്തോളം ഞങ്ങൾ സെറ്റിൽ ചെയ്യാൻ ഉദ്ദേശിക്കുന്നുമില്ല. എന്നാൽ അത് ഒരു നാൾ സംഭവിച്ചേക്കാം. എന്നാൽ അതേപറ്റി ഇപ്പോൾ പറയാനാവില്ല”-ഇതായിരുന്നു സാനിയ നൽകിയ മറുപടി.

സാനിയയുടെ വരവോടെ ഏതാനും പുതിയ വനിതാ താരങ്ങളും ടെന്നീസ് ലോകത്ത് ഇന്ത്യയിൽ നിന്നുണ്ടായി. ടെന്നീസ് ലോകത്തെ പുതുതലമുറയ്ക്കു മാത്രമല്ല സാനിയ പ്രചോദനമായി തീർന്നത്. മറ്റു പല ഗെയിം ഇനങ്ങളിലുമുള്ള വനിതാ പ്രതിഭകളെ മാധ്യമങ്ങളും കായികപ്രേമികളും തിരിച്ചറിഞ്ഞു. കേവലം ഗ്ലാമറിന്റെ കളിയാണ് ടെന്നീസ് എന്ന് അഭിപ്രായപ്പെട്ടിരുന്ന കാലത്താണ് അടിച്ചമർത്തപ്പെട്ട ഒരു വിഭാഗത്തിന്റെ പ്രതീക്ഷയായി ഒരു രാജ്യത്തിന്റെ തന്നെ അഭിമാനമായി സാനിയ മിർസ എന്ന ലോകോത്തര കായികതാരം വളർന്നത്.

നേട്ടങ്ങളിൽ അഭിരമിയ്ക്കാതെ ചുറ്റുമുള്ള സമൂഹത്തിൽ നടക്കുന്ന അനീതിയോട് കലഹിയ്ക്കാനും അഭിപ്രായം പറയാനും ശേഷിയുള്ള സ്ത്രീ ആയാണ് സാനിയ വളരുന്നത്. അതുകൊണ്ടാണ് ലോകമറിയുന്ന ഒരു കായികതാരമായിരുന്നിട്ടും സ്വന്തം അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ഒരിയ്ക്കൽ തീവ്രദേശീയവാദികളാൽ ദേശദ്രോഹിയെന്ന വിളി കേൾക്കേണ്ടിവന്നതും. പാകിസ്ഥാന്റെ മരുമകളെന്നും ദേശദ്രോഹിയെന്നും ചിലർ അസഹിഷ്ണുത മൂത്ത് ആർത്തുവിളിച്ചപ്പോഴും സാനിയ ഇന്ത്യയുടെ മകളായി, ടെന്നീസ് ലോകത്ത് ഭാരതത്തിനായി നേട്ടങ്ങൾ കൊയ്തുകൊണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *