ഐ.പി.എല്ലിലെ മോശം റെക്കോർഡുകൾ

Cricket News Sports Story

നിദാഹാസ് ട്രോഫിയിലെ വിജയം പൂരസമാനമായ അന്തരീക്ഷമാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കിടയിൽ സൃഷ്ടിച്ചത്. അടുത്ത പൂരത്തിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ലോക ക്രിക്കറ്റിന് തന്നെ ആവേശം പകർന്ന ടൂർണമെന്റാണ് ബി.സി.സി.ഐ സംഘടിപ്പിയ്ക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ്. മറ്റേതൊരു രാജ്യത്തെ കളിയേക്കാളും പണത്തൂക്കം മുന്നിൽ നിൽക്കുന്ന ഐ.പി.എല്ലിൽ തകരാത്ത ട്വന്റിട്വന്റി റെക്കോർഡുകളില്ല. വിവിധ രാജ്യങ്ങളിലെ മികച്ച വെടിക്കെട്ട് വീരന്മാരെല്ലാം സംഗമിയ്ക്കുന്ന ഐ.പി.എല്ലിന് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ഉള്ളത്. എന്നാൽ റെക്കോർഡുകളിൽ ചില മോശം അനുഭവങ്ങളുമായാണ് കഴിഞ്ഞ ഐ.പി.എൽ സീസണുകൾ അവസാനിച്ചത്. ആ മോശം അനുഭവങ്ങൾക്ക് കണക്കു തീർത്ത് മറുപടി പറയാനുള്ള ഒരുക്കത്തിലാണ് ഐ.പി.എൽ ടീമുകളെല്ലാവരും.

ഐ.പി.എൽ ചരിത്രത്തിലെ തന്നെ ഏറ്റവും ചെറിയ ടീം ടോട്ടലിന് ഉടമകളായത് കോഹ്ലിയും ഡിവില്ലിയേഴ്സുമടക്കമുള്ള വൻകിട താരങ്ങൾ അണിനിരന്ന ബാംഗ്ലൂർ റോയൽ ചല്ലഞ്ചേഴ്സായിരുന്നു. കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് 132 റൺസ് പിന്തുടർന്ന ബംഗളൂരു ബാറ്റ്സ്മാൻമാർ 10 ഓവർ തികയും മുമ്പ് എല്ലാവരും കൂടാരം കയറി. ഇത്രയധികം പ്രതിഭകളുള്ള ടീമിൽ ഒരു കളിക്കാരൻ പോലും രണ്ടക്കം കടന്നില്ലെന്നത് അത്ഭുതമാണ്.

മറ്റൊരു സംഭവം കഴിഞ്ഞ സീസണിൽ ഡെൽഹി ഡെയർ ഡെവിൾസ് സ്വന്തമാക്കിയ രണ്ട് ചെറിയ ടോട്ടലുകളാണ്. 66 റൺസെന്ന ടീം ടോട്ടൽ സ്വന്തമാക്കിയ ഡെയർ ഡെവിൾസ് അതേ സീസണിൽ തന്നെ 67 റൺസെന്ന ടീം ടോട്ടലിനും ഉടമകളായി.

ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ ബൌളർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് ഇന്ത്യയുടെ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ബൌളറായ ഇശാന്ത് ശർമയാണ്. സൺ റൈസേഴ്സ് ഹൈദരാബാദിന്റെ ബൌളറായിരുന്ന അദ്ദേഹം ചെന്നൈയ്ക്കെതിരായ മത്സരത്തിൽ 4 ഓവറിൽ 66 റൺസാണ് വഴങ്ങിയത്. 16.50 ആണ് ഇക്കോണമി. ഈ മോശം റെക്കോർഡിൽ രണ്ടാം സ്ഥാനത്തുള്ളത് ഇന്ത്യയുടെ തന്നെ അതിവേഗ ബൌളറായ ഉമേഷ് യാദവ് ആണ്. 65 റൺസാണ് അദ്ദേഹം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ വഴങ്ങിയത്.

ഐ.പി.എൽ ചരിത്രത്തിൽ ഏറ്റവും തവണ ഡക്കിന് പുറത്തായത് ടർബണേറ്ററെന്ന വിശേഷണമുള്ള ഹർഭജൻ സിങാണ്. 13 തവണയാണ് അദ്ദേഹം പൂജ്യത്തിന് പുറത്തായത്. രണ്ടാം സ്ഥാനത്തുള്ളത് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ പാർത്ഥിവ് പട്ടേലാണ്. 12 തവണയാണ് പാർത്ഥിവ് പൂജ്യത്തിന് പുറത്തായത്.

ഒരിന്നിങ്സിൽ ഏറ്റവും കൂടതൽ വൈഡ് എറിഞ്ഞതിന്റെ റെക്കോർഡ് കിങ്സ് ഇലവൻ പഞ്ചാബിന്റെ പേരിലാണ്. 2011 സീസണിൽ കേരളത്തിൽ നിന്നുള്ള ടീമായിരുന്ന കൊച്ചി ടസ്കേഴ്സിനെതിരെയായിരുന്നു അത്. മറ്റൊരു റെക്കോർഡ് ഏറ്റവും കൂടുതൽ തോൽവി വഴങ്ങിയതാണ്. ഡെൽഹി ഡെയർ ഡെവിൾസിന് ഇതുവരെയുള്ള പത്ത് ഐ.പി.എൽ സീസണുകളിൽ നിന്നായി 82 തവണയാണ് തോൽവി വഴങ്ങേണ്ടി വന്നത്. ഐ.പി.എൽ ഫൈനലിലെത്താനും ഇതുവരെ ഡൽഹിയ്ക്കായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *