തന്നെ കൊച്ചാക്കി കരയ്ക്കിരുത്തിയവരോട് കണക്കു തീർത്ത് ഡി.കെ

Cricket News Sports Story

ഓഫ് സൈഡിൽ പിച്ച് ചെയ്ത സൌമ്യ സർക്കാരിന്റെ പന്ത് ലോങ് ഓഫിന് മുകളിലൂടെ സിക്സറിന് പറത്തിയപ്പോൾ ഗ്യാലറിയൊന്നാകെ ഇരമ്പിയാർത്തു

ഒരൊറ്റ കളിയിലൂടെ ഇന്ത്യയുടെ സ്റ്റാറായിരിക്കുകയാണ് ഡി.കെ.എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ദിനേഷ് കാർത്തിക്ക്. പക്ഷേ അങ്ങനെ ഒരൊറ്റ കളിയിലെ മിടുക്ക് മാത്രമല്ല കാർത്തിക്കിനുള്ളത് എന്ന് അദ്ദേഹത്തിന്റെ കരിയർ പരശോധിക്കുന്നവർക്ക് എളുപ്പത്തിൽ മനസ്സിലാകും. ഉജ്ജ്വലപ്രകടനം നടത്തിയെന്ന് നാം വീമ്പു പറയുന്ന ഈ കളിയിലും അദ്ദേഹം അവഗണനയ്ക്കു പാത്രമായത് ആരും അറിഞ്ഞുകാണില്ല.

ഫൈനലിൽ ബംഗ്ലാദേശിനെതിരെ സിക്സറടിച്ച് കളി ജയിപ്പിച്ച കാർത്തിക്കിന്റെ ആഹ്ലാദം

അത് ഇങ്ങനെ. മികച്ച ഫോമിൽ കളിച്ചുവന്ന ക്യാപ്റ്റൻ രോഹിത് ശർമയുൾപ്പെടെയുള്ള ഇന്ത്യൻ ബാറ്റ്സ്മാന്മാർ ബംഗ്ലാദേശ് ബൌളർമാർക്കു മുമ്പിൽ പിടിച്ചുനിൽക്കാനാകാതെ തുടർച്ചയായി പുറത്തായപ്പോൾ ടീം മാനേജ്മെന്റ് സ്വാഭാവികമായും ആശ്രയിയ്ക്കുക ക്രിക്കറ്റിൽ 14 വർഷത്തെ അനുഭവസമ്പത്തുള്ള ദിനേഷ് കാർത്തിക്കിനെയായിരിക്കും. 14-ാം ഓവറിന്റെ രണ്ടാം പന്തിൽ സ്കോർ 98 ൽ എത്തിനിൽക്കെ രോഹിത് ശർമയെ നസ്മുൾ ഇസ്ലാമിന്റെ പന്തിൽ മഹ്മൂദുള്ള പിടിച്ചു പുറത്താകുമ്പോൾ ജയിയ്ക്കാൻ വേണ്ടത് 32 പന്തിൽ 69 റൺസെന്ന നിലയിലായിരുന്നു. എന്നാൽ ഇന്ത്യൻ ടീം മാനേജ്മെന്റ് വിശ്വാസമർപ്പിച്ചത് പുതുമുഖതാരം വിജയ് ശങ്കറിലായിരുന്നു. പക്ഷേ അവസാന ഓവറിലുൾപ്പെടെ ഒരുപാട് തപ്പിത്തടഞ്ഞാണ് അദ്ദേഹം കളിച്ചത്. പുതുമുഖമായതിനാൽ സമ്മർദ്ദത്തെ അതിജീവിയ്ക്കാൻ വിജയ്ക്കായില്ല. അതിവേഗം റൺസ് നേടേണ്ട സമയമായിട്ടുപോലും 19 പന്തിൽ നിന്ന് 17 റൺസ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്.

പിന്നീട് ഏറെ വൈകി 18-ാമത്തെ ഓവറിൽ മനീഷ് പാണ്ഡെ പുറത്തായതിനു ശേഷമാണ് ഡി.കെ ബാറ്റിംഗിനിറങ്ങിയത്. അപ്പോഴേക്കും ഇന്ത്യ തോൽവി മണത്തിരുന്നു. അവസാന രണ്ട് ഓവറിൽ വിജയിയ്ക്കാൻ വേണ്ടത് 34 റൺസായിരുന്നു. പക്ഷേ ഒട്ടും പതറാതെ ബാറ്റുവീശിയ ഡി.കെ 19-ാം ഓവറിൽ റൂബൽ ഹസ്സനെ തച്ചുതകർത്തു. രണ്ട് സിക്സറുകളും രണ്ട് ഫോറുകളും സഹിതം 22 റൺസാണ് ഡി.കെ അടിച്ചെടുത്തത്. ശേഷം അവസാന ഓവറിൽ വേണ്ടത് 12 റൺസായിരുന്നു. എന്നാൽ 5 പന്തിൽ നേടാനായത് വെറും 7 റൺസായിരുന്നു.

ഇന്ത്യൻ ടീം നിദാഹാത് ട്രോഫിയുമായി

അവസാന ഓവറിലെ ആദ്യ പന്ത് വൈഡായിരുന്നു. പിന്നീടെറിഞ്ഞ ഒന്നാം പന്ത് വിജയ് ശങ്കർ മിസ്സാക്കുകയും ചെയ്തു. അടുത്ത രണ്ട് പന്തുകളിൽ സിംഗിളുകൾ പിറന്നു. സ്ട്രൈക്ക് വീണ്ടും വിജയ് ശങ്കറിന്. ഇത്തവണ നാലാം പന്ത് അദ്ദേഹം ബൌണ്ടറി കടത്തി. എന്നാൽ തൊട്ടടുത്ത പന്തിൽ മെഹദി ഹസ്സന് ക്യാച്ച് നൽകി വിജയ് ശങ്കർ മടങ്ങി. അവശേഷിയ്ക്കുന്ന ഒരു പന്തിൽ വേണ്ടത് 5 റൺസ്! സ്ട്രൈക്ക് ദിനേഷ് കാർത്തിക്കിനും. ഏറിയാൽ ഒരു ഫോർ നേടി സമനിലയിലാക്കുമെന്നാണ് ഏതൊരു പ്രേക്ഷകനും ആ നേരം പ്രതീക്ഷിച്ചിരിക്കുക. എന്നാൽ നമ്മൾ ഓരോരുത്തരുടെയും വിലകുറഞ്ഞ കാഴ്ച്ചയെ തല്ലിക്കൊഴിച്ച പ്രകടനമായിരുന്നു ഡി.കെയുടേത്. ഓഫ് സൈഡിൽ പിച്ച് ചെയ്ത സൌമ്യ സർക്കാരിന്റെ പന്ത് ലോങ് ഓഫിന് മുകളിലൂടെ സിക്സറിന് പറത്തിയപ്പോൾ ഗ്യാലറിയൊന്നാകെ ഇരമ്പിയാർത്തു. ഡി.കെയുടെ അപ്രതീക്ഷിത ഷോട്ട് പലരിലും ആഹ്ലാദവും അമ്പരപ്പും സൃഷ്ടിച്ചു. കരയ്ക്കിരുന്ന നീലപ്പട ഡി.കെയെ അഭിനന്ദിയ്ക്കാനായി ഓടിയെത്തി. ടീം കോച്ച് രവിശാസ്ത്രിയടക്കം ആവേശപൂർവം ഗ്രൌണ്ടിലെത്തി.

ശ്രീലങ്കൻ സ്വാതന്ത്ര്യലബ്ധിയുടെ 70-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ടൂർണമെന്റാണ് നിദാഹാസ് ത്രിരാഷ്ട്ര ട്വന്റിട്വന്റി ക്രിക്കറ്റ് ടൂർണമെന്റ്. പക്ഷേ ടൂർണമെന്റിന്റെ ഫൈനലിൽ കടക്കാൻ ശ്രീലങ്കയ്ക്കായില്ല. നിർണായക മത്സരത്തിൽ ബംഗ്ലാദേശിനോട് തോറ്റതാണ് വിനയായത്.

Leave a Reply

Your email address will not be published. Required fields are marked *