വീഴ്ച്ചയിൽ പാഠം പഠിച്ച് ബി.സി.സി.ഐ

Cricket News Sports

ദക്ഷിണാഫ്രിക്കൻ ടെസ്റ്റ് പരമ്പരയിൽ ടീമിനേറ്റ് തിരിച്ചടി പരിഗണിച്ചാണ് നടപടി

മുംബൈ: കഴിഞ്ഞ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഏകദിന-ട്വന്റിട്വന്റി പരമ്പരകളിൽ ടീം ഇന്ത്യയ്ക്ക് മിന്നുന്ന ജയം നേടാനായെങ്കിലും ടെസ്റ്റ് പരമ്പരയിലേറ്റ തിരിച്ചടിയിൽ നിന്ന് പാഠമുൾക്കൊൾക്കൊണ്ടിരിക്കുകയാണ് ക്രിക്കറ്റ് അധികാരികളായ ബി.സി.സി.ഐ. വിദേശ പര്യടനങ്ങളിൽ ആദ്യം ഗൌരവമേറിയ ടെസ്റ്റ് ക്രിക്കറ്റ് കളിയ്ക്കേണ്ടിവരുന്നത് ഏതൊരു ടീമിനും പ്രതിസന്ധിയുണ്ടാക്കുന്ന കാര്യമാണെന്ന് ബി.സി.സി.ഐ അധികൃതർ പറഞ്ഞു. ആ രാജ്യത്തെ കാലാവസ്ഥയും കളിയന്തരീക്ഷവും പൂർണമായി മനസ്സിലാക്കാനാവാതെ വരുമ്പോൾ മത്സരം ഏറെ ബുദ്ധിമുട്ടേറിയതാകുന്നു. ഇതാണ് ദക്ഷിണാഫ്രിക്കയിലും കണ്ടത്. പര്യടനത്തിലാദ്യം ടെസ്റ്റ് പരമ്പരയായിരുന്നു. ഈ പരമ്പരയിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് 2-1 ന് അടിയറവ് പറയുകയും ചെയ്തു. സാഹചര്യങ്ങൾ മനസ്സിലാക്കിയ ശേഷം നടന്ന മൂന്നാം ടെസ്റ്റിൽ മാത്രമാണ് ഇന്ത്യയ്ക്ക് വിജയിയ്ക്കാനായത്.പിന്നീട് നടന്ന ഏകദിന പരമ്പരയിലും ട്വന്റിട്വന്റി പരമ്പരയിലും ദക്ഷിണാഫ്രിക്കയെ അവരുടെ മണ്ണിൽ വച്ച് നാണംകെടുത്തിയാണ് ടീം ഇന്ത്യ മടങ്ങിയത്. 6 മത്സര ഏകദിന പരമ്പരയിൽ 5-1 ന് വിജയിച്ചു. മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റിട്വന്റി 2-1 ന് ജയിച്ചു. മിക്ക കളികളും ഏകപക്ഷീയ ജയങ്ങളായിരുന്നു.

ഈ അവസരത്തിലാണ് ഇനി വരുന്ന പര്യടനങ്ങളിൽ ആദ്യം ദൈർഘ്യം കുറഞ്ഞ മത്സരങ്ങൾ കളിയ്ക്കാൻ തീരുമാനമായത്. അടുത്ത ജൂലൈയിൽ നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിലും അതിനു ശേഷം നവംബറിൽ നടക്കുന്ന ഓസ്ട്രേലിയൻ പര്യടനത്തിലും ഏകദിന-ട്വന്റിട്വന്റി മത്സരങ്ങൾക്കു ശേഷമായിരിക്കും ടെസ്റ്റ് പരമ്പര നടക്കുക. നിലവിൽ 2019 മുതൽ 2023 വരെയുള്ള ക്രിക്കറ്റ് കലണ്ടർ തയ്യാറാക്കിയിരിക്കുകയാണ് ബി.സി.സി.ഐ. ഈ പരമ്പരകളിലെല്ലാം ഇത്തരം മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ബി.സി.സി.ഐ സി.ഇ.ഒ രാഹുൽ ജോഹ്രി മാധ്യമങ്ങളോട് പറഞ്ഞു. ടെസ്റ്റ്-ഏകദിന റാങ്കിങ്ങുകളിൽ ആദ്യ പടിയിൽ ടീം ഇന്ത്യയ്ക്ക് സ്ഥിരത പുലർത്താനാകണമെന്ന ആഗ്രഹത്തിലാണ് ഈ തീരുമാനം. ക്രിക്കറ്റിന്റെ ഏതു ഫോർമാറ്റിലും ടീം ഇന്ത്യ ഇന്ന് മികച്ച ഫോമിലുമാണ്.

Leave a Reply

Your email address will not be published. Required fields are marked *