ലങ്കാദഹനം: 215 റൺസ് പിന്തുടർന്ന ബംഗ്ലാദേശിന് അഞ്ച് വിക്കറ്റിന്റെ മിന്നുന്ന ജയം!

Cricket News Sports

കൂറ്റൻ സ്കോർ പിന്തുടർന്നത് മുഷ്ഫിക്കർ റഹീമിന്റെ തകർപ്പൻ പ്രകടനത്തിന്റെ കരുത്തിൽ. വെറും 35 പന്തിൽ നിന്നും 72 റൺസ് നേടി

കൊളംബോ: ശ്രീലങ്കയിൽ നടക്കുന്ന നിദാഹാസ് ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റിലെ മൂന്നാം മത്സരത്തിൽ ആതിഥേയർക്കെതിരെ ബംഗ്ലാദേശിന് അട്ടിമറിജയം. കുശാൽ പെരേരയുടെയും (74) കുശാൽ മെൻഡിസിന്റെയും (57) മികച്ച ബാറ്റിംഗിൽ 214 റൺസിന്റെ കൂറ്റൻ സ്കോറാണ് ലങ്ക പടുത്തുയർത്തിയത്. എന്നാൽ രണ്ടാമത് ബാറ്റിംഗിനിറങ്ങിയ ക്രിക്കറ്റ് ലോകത്തെ ചെറുമീനായ ബംഗ്ലാദേശ് മിന്നുന്ന പ്രകടനമാണ് കാഴ്ച്ചവച്ചത്. സ്കോർ; ശ്രീലങ്ക 20 ഓവറിൽ 6 ന് 214; ബംഗ്ലാദേശ് 19.4 ഓവറിൽ 5 ന് 215.

ബാറ്റിംഗിന്റെ എല്ലാ ഘട്ടത്തിലും ലങ്കയ്ക്ക് വിജയപ്രതീക്ഷ നൽകാതെയാണ് ബംഗ്ലാദേശ് ബാറ്റ്സ്മാൻമാർ കളിച്ചത്. 74 റൺസിന്റെ ഓപ്പണിംഗ് പാട്ണർഷിപ്പ് തീർക്കാൻ തമീം ഇക്ബാലിനും (47) ലിറ്റൺ ദാസിനുമായി (43). രണ്ടു പേരും പുറത്തായതോടെ ലങ്ക കളിയിലേക്ക് തിരിച്ചുവന്നു. എന്നാൽ പിന്നീട് ക്രീസിലെത്തിയ മുൻ ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനുമായ മുഷ്ഫിക്കർ റഹീമാണ് ലങ്കൻ പ്രതീക്ഷകളെ തച്ചുടച്ചത്.

വെറും 35 പന്തുകളിൽ നിന്നും 4 സിക്സറുകളുടെയും 5 ഫോറുകളുടെയും സഹായത്തോടെ പുറത്താകാതെ 72 റൺസാണ് മുഷ്ഫിക്കർ റഹീം അടിച്ചുകൂട്ടിയത്. 205.71 ആണ് സ്ട്രൈക്റേറ്റ്. വാലറ്റത്ത് ക്യാപ്റ്റൻ മഹ്മൂദുള്ള (11 പന്തിൽ 20 റൺസ്) റഹീമിന് ശക്തമായ പിന്തുണ നൽകി.ലങ്കയ്ക്കു വേണ്ടി നുവാൻ പ്രദീപ് 2 വിക്കറ്റ് വീഴ്ത്തി. നേരത്തെ ലങ്കൻ ബാറ്റിംഗിൽ തിളങ്ങിയ മറ്റൊരു താരം ഉപുൽ തരംഗയാണ് (15 പന്തിൽ 32). കുശാൽ പെരേര (74) 2 സിക്സുകളും 8 ഫോറുകളും നേടി. കുശാൽ മെൻഡിസ് (57) 5 സിക്സറുകളും 2 ഫോറുകളും നേടി. ടോസ് നേടിയ ബംഗ്ലാദേശ് ശ്രീലങ്കയെ ബാറ്റിംഗിന് പറഞ്ഞയയ്ക്കുകയായിരുന്നു. ബംഗ്ലാദേശിന്റെ വിജയത്തോടെ ടൂർണമെന്റിലെ മൂന്നു ടീമുകൾക്കും 2 വീതം കളികളിൽ നിന്ന് ഓരോ ജയവും തോൽവിയും സഹിതം 2 പോയിന്റുകൾ വീതം ലഭിച്ചു. അതിനാൽ ഇനിയുള്ള ഓരോ മത്സരവിജയങ്ങളും എല്ലാ ടീമിനും പ്രധാനപ്പെട്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *