കോഹ്ലിയും ധോണിയും ഉയർത്തിയ പ്രതിഫലത്തർക്കം: സത്യമെന്ത്?

Cricket News Sports

ഈ വർഷാദ്യമാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫല തുക ബി.സി.സി.ഐ ഉയർത്തിയത്. എന്നാൽ വിശ്രമമില്ലാതെ കളിക്കേണ്ടി വരുന്ന തങ്ങൾക്ക് ഈ തുക മതിയാകില്ലെന്നും, ബി.സി.സി.ഐയുടെ നേടുന്ന വരുമാനത്തിന്റെ നല്ലൊരു പങ്കിന് തങ്ങളും അർഹരാണെന്നും ക്യാപ്റ്റൻ വിരാട് കോഹ്ലിയും മുൻ ക്യാപ്റ്റൻ ധോണിയും പറഞ്ഞിരുന്നു

കൊൽക്കത്തയിലെ ഈഡൻ ഗാർഡൻ സ്റ്റേഡിയം
Courtesy-www.hellotravel.com

കോടികൾ ഒഴുകുന്ന കളിയാണ് ക്രിക്കറ്റ്, പ്രത്യേകിച്ച് ഇന്ത്യൻ ക്രിക്കറ്റ് അസോസിയേഷനു കീഴിൽ നടക്കുന്ന മത്സരങ്ങൾ. ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ഒന്നാമത്തെ കായിക ഇനം ഏതാണെന്ന് പരിശോധിച്ചാൽ, ഏതൊരു കടുത്ത ഫുട്ബോൾ ആരാധകനു പോലും സമ്മതിക്കേണ്ടി വരും അത് ക്രിക്കറ്റാണെന്ന്. ഇന്ത്യൻ ക്രിക്കറ്റ് നടക്കുമ്പോൾ ഗാലറിയിലും ടി.വി ചാനലിലും ഓൺലൈൻ സ്ട്രീമിങിലും കളി കാണുന്നവരുടെ എണ്ണം ആരെയും ഞെട്ടിക്കുന്നതാണ്.

ഇരുന്നൂറോളം രാഷ്ട്രങ്ങളുണ്ട് ലോകത്ത്. എന്നാൽ അതിൽ ക്രിക്കറ്റ് ജനകീയമായ രാഷ്ട്രങ്ങൾ വിരലിലെണ്ണാവുന്നവ മാത്രമാണ്. എന്നിട്ടും മറ്റേതൊരു രാഷ്ട്രത്തേയും ജനകീയ കായിക ഇനത്തിനേക്കാളും പണക്കനം ഏറെ കൂടുതലുണ്ട് ഇന്ത്യൻ ക്രിക്കറ്റ് രംഗത്തിന്. നൂറ്റിയിരുപത്തിയഞ്ച് കോടിയിലധികം വരുന്ന ജനസംഖ്യ തീർച്ചയായും ഈയൊരു മൂല്യത്തിന് കാരണമാണ്.

ഫോബ്സ് മാസിക പുറത്തുവിട്ട ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ക്രിക്കറ്റ് താരങ്ങൾ

കുറച്ചു വർഷം മുമ്പ് ഫോർബ്സ് മാസിക പുറത്തുവിട്ട ലോകത്തെ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന ക്രിക്കറ്റർമാരുടെ പട്ടികയിൽ ഇന്ത്യൻ താരം ധോണിയായിരുന്നു ഒന്നാമത്. 26.5 മില്യൺ ഡോളറാണ് ധോണി ആ ഒരു വർഷം മത്സരത്തുകയായി ബി.സി.സി.ഐയിൽ നിന്നും വിവിധ പരസ്യങ്ങളിൽ നിന്നും നേടുന്നത്. ആദ്യത്തെ അഞ്ച് സ്ഥാനങ്ങളിലും ഇന്ത്യൻ താരങ്ങൾ തന്നെയാണ് എന്നതാണ് ഈ കണക്കിന്റെ പ്രത്യേകത! രണ്ടാം സ്ഥാനത്ത് സാക്ഷാൽ സച്ചിനും (18.6), തുടർന്ന്, ഗംഭീർ (7.3), കോഹ്ലി (7.1), സെവാഗ് (6.9) എന്നിങ്ങനെയായിരുന്നു ആ പട്ടിക. നാല് ഓസ്ട്രേലിയൻ താരങ്ങൾക്ക് ശേഷം വീണ്ടും പത്താമതായി ഇന്ത്യൻ താരം യൂസുഫ് പത്താൻ (3.7 മില്യൺ ഡോളർ) തന്നെ എത്തുന്നു. ഇങ്ങനെ വരുമാനത്തിന്റെ കാര്യത്തിൽ മറ്റു രാഷ്ട്രങ്ങളിലെ കളിക്കാരിൽ നിന്ന് ഏറെ മുൻപന്തിയിലാണ് മിക്ക ഇന്ത്യൻ ക്രിക്കറ്റർമാരും. ബി.സി.സി ഐയുടെ തന്നെ കരാർ പ്രകാരം തരംതിരിക്കുന്ന എ, ബി, സി എന്നീ ഗ്രേഡുകൾക്ക് യഥാക്രമം 2 കോടി, 1 കോടി, 50 ലക്ഷം എന്നിങ്ങനെയാണ് പ്രതിഫലം നിശ്ചയിച്ചിരിക്കുന്നത്. വർഷാവർഷം നടക്കുന്ന ഐ.പി.എൽ ക്രിക്കറ്റ് മാമാങ്കത്തിൽ വിവിധ ടീമുകളുടെ ഫ്രാഞ്ചൈസികൾ നൽകുന്ന വൻ തുക വേറെയും.

എന്നിട്ടും ഇന്ത്യൻ താരങ്ങൾ പടപ്പുറപ്പാടുമായി ഇറങ്ങുന്നതിന്റെ സാംഗത്യമെന്താണ്?! ഗ്രേഡനുസരിച്ച് 5 കോടി, 3 കോടി, 1.5 കോടി എന്നിങ്ങനെ പ്രതിഫലത്തുക വർധിപ്പിക്കണമെന്നാണ് കളിക്കാരുടെ ആവശ്യം. നിലവിലെ വരുമാനത്തിൽ കളിക്കാർ ഒട്ടും തൃപ്തരല്ല.

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി പത്രസമ്മേളനത്തിൽ സംസാരിക്കുന്നു
Courtesy-The Indian Express

ലോകത്ത് ഇന്ത്യയിൽ മാത്രമല്ല, സമീപകാലത്താണ് ഓസ്ട്രേലിയയിലും വെസ്റ്റിൻഡീസിലും ശ്രീലങ്കയിലും പ്രതിഫലം സംബന്ധിച്ച തർക്കമുണ്ടായത്. മികച്ച ഫോമിൽ കളിച്ചു വന്ന് ട്വന്റിട്വന്റി ലോകകിരീടം ചൂടിയതിനു തൊട്ടു പിന്നാലെയാണ് വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡുമായി പ്രതിഫലക്കുറവിന്റെ പേരിൽ താരങ്ങൾ ഉടക്കുന്നത്. പിന്നീടുള്ള മത്സരങ്ങളിലൊക്കെ മികച്ച താരങ്ങളുടെ അഭാവം മൂലം വെസ്റ്റിൻഡീസ് ക്രിക്കറ്റ് തകരുന്നത് നാം കണ്ടതാണ്. ഐ.പി.എല്ലിൽ ആരും സ്വന്തമാക്കാൻ കൊതിക്കുന്ന താരമാണ് ക്രിസ് ഗെയിൽ. എന്നാൽ സ്വന്തം ദേശീയ ടീമിന് ഈ താരത്തെ വേണ്ട. പ്രതിഫല തർക്കായിരുന്നു കാരണം. ക്രിക്കറ്റ് ഓസ്ട്രേലിയയ്ക്കെതിരെയും ഇതേ കാരണം കൊണ്ട് വാർണർ, വാട്സൺ, സ്മിത്ത്, ജോൺസൺ തുടങ്ങിയ താരങ്ങൾ പരസ്യമായി രംഗത്തു വന്നത് വാർത്തയായിരുന്നു. വാഗ്വാദങ്ങൾക്കു ശേഷം ഓസ്ട്രേലിയൻ താരങ്ങളുടെ സംഘടനാരൂപമായ ക്രിക്കറ്റേഴ്സ് അസോസിയേഷന്റെ വിലപേശലിന് സമ്മതം മൂളേണ്ടി വന്നു ക്രിക്കറ്റ് ഓസ്ട്രേലിയയ്ക്ക്. ഇങ്ങനെ പണത്തിന്റെ പേരിലുള്ള തർക്കം ഈ ഗ്ലാമർ കളിയ്ക്ക് കൂടെപ്പിറപ്പാണ്.

കോഹ്ലിയും ധോണിയും പരിശീലനത്തിനിടെ
Courtesy-Hindustan Times

സത്യത്തിൽ ബി.സി.സി.ഐയുടെ വരുമാനമനുസരിച്ച് കളിക്കാരിലേക്ക് പണമെത്തുന്നില്ല എന്ന കാര്യം വസ്തുതയാണ്. അത്രയ്ക്ക് ഭീമമാണ് ആ പ്രസ്ഥാനത്തിന്റെ വരുമാനസ്രോതസ്സ്. ഉദാഹരണത്തിന് 2018-2022 കാലയളവിലെ ഐ.പി.എൽ ടൂർണമെന്റിന്റെ മാത്രം പ്രക്ഷേപണാവകാശം സ്വന്തമാക്കിയ സ്റ്റാർ ഇന്ത്യ ബി.സി.സി.ഐയ്ക്ക് നൽകുന്ന തുക 16,347 കോടി രൂപയാണ്. ഇന്ത്യൻ ദേശീിയ ടീമിന്റെ മറ്റു രാജ്യങ്ങളുമായി നടക്കുന്ന ഹോം, എവേ മത്സരങ്ങളുടെ വരുമാനം ഇതിനു പുറമെയാണ്. വർഷംതോറും 5000 മുതൽ 6000 കോടി രൂപ വരെ വരുമാനം ഈ രീതിയിൽ അവർക്ക് ലഭിക്കുന്നുണ്ട്.

പരിക്കിനെ പോലും വക വെയ്ക്കാതെ ക്രിക്കറ്റ് ആരാധകരുടെ ഇംഗിതത്തിനനുസരിച്ച് പ്രകടനം നടത്തുന്ന കളിക്കാരുടെ കഠിനപ്രയത്നം ഒന്നുകൊണ്ടു മാത്രമാണ് ഈ വരുമാനം ലഭിക്കുന്നത്. മത്സരങ്ങളുടെ ആധിക്യം മൂലം പരിക്കു പറ്റി കരിയർ അവസാനിപ്പിക്കേണ്ടി വന്ന ഇന്ത്യൻ താരങ്ങൾ നിരവധിയാണ്. ഇവരോടൊന്നും പലപ്പോഴും ബി.സി.സി.ഐയ്ക്കും സെലക്ടർമാർക്കും മമതയുണ്ടായിരുന്നില്ല. ഒട്ടേറെ മികച്ച പ്രകടനങ്ങൾ സ്വന്തം രാജ്യത്തിനു വേണ്ടി കാഴ്ച്ചവെച്ചിരുന്ന ഇവരിൽ പലർക്കും മാന്യമായി വിരമിക്കാനൊരു അവസരം പോലും ലഭിച്ചിരുന്നില്ല. അത്തരത്തിൽ നിഴലിലായിപ്പോയ കളിക്കാരാണ് ഇർഫാൻ പത്താനും സെവാഗും എല്ലാം.

ഇർഫാൻ പത്താൻ – പരിക്കിനാൽ തഴയപ്പെട്ട താരം
Courtesy-Deccan Chronicle

അതേസമയം, ക്രിക്കറ്റുമായി നേരിട്ടൊരു ബന്ധം പോലുമില്ലാതിരുന്ന നിരവധിയാളുകളാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ ഭരണത്തിലുണ്ടായിരുന്നത്. പലരും വ്യവസായികളും മറ്റു കച്ചവടക്കാരുമായിരുന്നു. വിവാദമുണ്ടാകുമ്പോൾ ചെറിയ തോതിൽ ഭരണരംഗത്തും സെലക്ടർമാരായും മുൻ ഇന്ത്യൻ താരങ്ങളെ അവരോധിക്കുമെങ്കിലും, വിപണിമൂല്യത്തിനനുസരിച്ച് കളിഭരണം നിയന്ത്രിച്ചിരുന്നത് ഈ കച്ചവടക്കാർ തന്നെയായിരുന്നു. കോഴ വിവാദങ്ങളിൽ കളിക്കാർ മാത്രം പിടിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുമ്പോൾ അതിന്റെ യഥാർഥ ഉറവിടത്തിലേക്കുള്ള അന്വേഷണങ്ങൾ നടക്കാറില്ല. കോഴപ്പണത്തിന്റെയും വൻ അഴിമതിയുടെയും വലിയൊരു കഥ പറയാനുണ്ട് ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിന്. ഏറ്റവുമൊടുക്കം മലയാളിതാരം ശ്രീശാന്ത് ഉൾപ്പെടെയുള്ളവർ അകപ്പെട്ട കോഴവിവാദം കൊടുമ്പിരികൊണ്ടതോടെയാണ് ബി.സി.സി.ഐയുടെ അടിത്തറയിളകാൻ ആരംഭിച്ചത്. സുപ്രീംകോടതി ഇടപെട്ട കേസിൽ കളിക്കാർക്ക് അർഹമായ ശിക്ഷ കൊടുക്കുന്നതോടൊപ്പം ബി.സി.സി.ഐയുടെ ഭരണ തലപ്പത്തെ കെടുകാര്യസ്ഥതയും ചർച്ചയായി. ഇത്രയധികം പൊതു പണമൊഴുകുന്ന ഒരു സ്ഥാപനം കെടുകാര്യസ്ഥതമൂലം നശിക്കുന്നത് രാഷ്ട്രത്തിന് നഷ്ടമാണെന്ന് പൊതു അഭിപ്രായമുയർന്നു.

വിനോദ് റായിയും സംഘവും – ലോധ കമ്മിറ്റി ശുപാർശ നടപ്പാക്കാൻ സുപ്രീംകോടതി നിയമിച്ചവർ

സുപ്രീംകോടതിയെ പോലും വെല്ലുവിളിക്കാൻ ബി.സി.സി.ഐയ്ക്ക് സാധിക്കുമെന്ന് ബോധ്യപ്പെട്ട സമയമായിരുന്നു അത്. നിലവിലുള്ള ഭരണകർത്താക്കൾ ഒഴിയണമെന്നും ജനാധിപത്യമായ രീതിയിൽ പുതിയൊരു സംഘം വരികയോ അല്ലെങ്കിൽ അതുവരെ ഭരണഘടനാപരമായ ഉത്തരവാദിത്വത്തിലുള്ളൊരു സമിതി നിയന്ത്രണം ഏറ്റെടുക്കുകയോ വേണമെന്നായിരുന്നു കോടതി നിർദേശം. എന്നാൽ ഈ ആവശ്യത്തെ പരമാവധി നീട്ടിക്കൊണ്ടു പോകാനാണ് അന്ന് ശ്രമമുണ്ടായിരുന്നത്. എന്നാൽ ഒടുക്കം നിയമപരമായി നിർബന്ധപൂർവം അധികാരമൊഴിയേണ്ടി വന്നു അന്നത്തെ അഹന്ത മൂത്ത അധികാരികൾക്ക്. ജസ്റ്റിസ് ലോധയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ഒട്ടേറെ ക്രമക്കേടുകൾ കണ്ടെത്തി. മുൻ കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ വിനോദ് റായിയെ അധ്യക്ഷനാക്കിക്കൊണ്ട് ലോധ കമ്മിറ്റി നിർദേശങ്ങൾ നടപ്പിലാക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു.

Courtesy-www.logo-logos.com

പുതുതായി വരുന്ന വാർത്തനുസരിച്ച് ബി.സി.സി.ഐ മറ്റൊരു ധർമ്മസങ്കടത്തിലാണ്. 2018-2022 കാലയളവിലേക്ക് ഷെഡ്യൂൾ ചെയ്തിരിക്കുന്ന മത്സരങ്ങളുടെ എണ്ണം ഇങ്ങനെയാണ് – 36 ടെസ്റ്റുകൾ, 73 ഏകദിനങ്ങൾ, 18 ട്വന്റി-ട്വന്റികൾ. അതിൽ തന്നെ 15 ടെസ്റ്റുകൾ, 30 ഏകദിനങ്ങൾ, 6 ട്വന്റി-ട്വന്റികൾ എന്നിവ ഇന്ത്യയ്ക്കകത്തു നടക്കുന്നവയാണ്. ബാക്കിയുള്ള കളികൾ വിദേശങ്ങളിലും. ഈ കണക്കനുസരിച്ച് ഏതാണ്ട് 25 മത്സരങ്ങളുടെ കുറവാണ് ഉള്ളതെന്നാണ് ബി.സി.സി.ഐ തലവന്മാരുടെ പരാതി. മത്സരങ്ങളുടെ എണ്ണം കൂടുന്നത് അവരുടെ ലാഭം കുറയ്ക്കുമെന്ന് തന്നെയാണ് അതിന് കാരണം. എന്നാൽ മറുവശത്ത് കോഹ്ലിയും ധോണിയും ഉൾപ്പെടെയുള്ള പ്രധാന താരങ്ങൾ “ഞങ്ങൾ റോബോട്ടുകളല്ല, മത്സരാധിക്യം ഞങ്ങളുടെ ആരോഗ്യത്തെ തകർക്കുന്നു” എന്ന് പരാതി പറയുകയും ചെയ്യുന്നു.

ഓസ്ട്രേലിയയെ തോൽപിച്ച് ചാമ്പ്യൻമാരായ ഇന്ത്യൻ ക്രിക്കറ്റ് ടീം
Courtesy-Hindustan Times

ഇതാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ സമീപകാല ചരിത്രം. ഈ പശ്ചാത്തലത്തിൽ നിന്നുകൊണ്ടു വേണം നമ്മൾ ഈ പണത്തർക്കത്തെ നോക്കിക്കാണേണ്ടത്. താരങ്ങൾ പണക്കൊതിയന്മാരാണെന്നും മറ്റും പറഞ്ഞ് മാറി നിൽക്കുന്നത് യഥാർഥത്തിൽ പ്രശ്നത്തെ തൊടുന്നില്ല.

മത്സരാധിക്യം തങ്ങളുടെ ശരീരം തളർത്തുമെന്ന ആശങ്കകൂടി ഉള്ളതുകൊണ്ടാകാം താരങ്ങൾ പ്രതിഫലം പോരെന്ന് പറയുന്നത്. തങ്ങളെ വച്ച് കോടികൾ കൊയ്യുന്ന ബോർഡ് തങ്ങളുടേതുകൂടി ആണെന്ന തോന്നൽ ഈ താരങ്ങൾക്കില്ല എന്ന് വ്യക്തം. ഗ്ലാമറിനും ആഘോഷങ്ങൾക്കും മാത്രം നേരമുണ്ടായിരുന്ന ഒരിടത്ത് ഇനിയുമേറെ അസ്വാരസ്യങ്ങളുയരുമെന്ന് സാരം.

Leave a Reply

Your email address will not be published. Required fields are marked *