ലങ്കയെ നിലംപരിശാക്കി ടീം ഇന്ത്യ: രണ്ടാം ടെസ്റ്റിൽ ചരിത്ര ജയം

Cricket News Sports

ശ്രീലങ്കയെ ഇന്നിങ്സിനും 239 റൺസിനും പരാജയപ്പെടുത്തി. ചരിത്രവിജയം സമ്മാനിച്ചത് ബാറ്റ്സ്മാന്മാരുടേയും ബൌളർമാരുടേയും മിന്നുന്ന പ്രകടനം

വിജയമാഘോഷിക്കുന്ന ടീം ഇന്ത്യ
Courtesy-www.bcci.tv

നാഗ്പൂർ: ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ചരിത്രം രചിച്ച് കോഹ്ലിയും സംഘവും. ഇന്ത്യൻ ബാറ്റ്സ്മാന്മാരും ബൌളർമാരും ഒരുപോലെ കരുത്തു കാട്ടിയപ്പോൾ ലങ്കയ്ക്ക് പിടിച്ചുനിൽക്കാനായില്ല. ഇരട്ട സെഞ്ചുറി നേടിയ ക്യാപ്റ്റൻ കോഹ്ലിയടക്കം നാല് സെഞ്ചൂറിയന്മാരുടെയും അശ്വിന്റെയും (8 വിക്കറ്റ്) ഇശാന്ത് ശർമയുടെയും (6 വിക്കറ്റ്) പ്രകടനങ്ങളാണ് ലങ്കയെ തകർത്തത്. ഒന്നാം ദിനം മുതൽ കളി ഇന്ത്യയുടെ കയ്യിലായിരുന്നു. ആദ്യദിനത്തിൽ ലങ്ക 205 റൺസിന് പുറത്തായി. ഇന്ത്യയാകട്ടെ മൂന്ന് സെഞ്ചറികളും ഒരു ഇരട്ടസെഞ്ചുറിയുമടക്കം 6ന് 610 എന്ന കൂറ്റൻ സ്കോറുകൊണ്ടാണ് ലങ്കയ്ക്ക് മറുപടി കൊടുത്തത്. ക്യാപ്റ്റൻ വിരാട് കോഹ്ലി (213), ഓപ്പണർ മുരളി വിജയ് (128), ചേതേശ്വർ പൂജാര (143), രോഹിത് ശർമ (102*) എന്നിവർ ഇന്ത്യയ്ക്ക് അടിത്തറ പാകി.

ടീമിന് അടിത്തറ പാകിയ കൂട്ടുകെട്ട്: പൂജാരയും മുരളി വിജയും ബാറ്റിംഗിനിടെ
Courtesy-www.bcci.tv

രണ്ടാം ഇന്നിങ്സിനിറങ്ങിയ ലങ്കയുടെ വിക്കറ്റുകൾ തുടരെത്തുടരെ വീണുകൊണ്ടേയിരുന്നു. ക്യാപ്റ്റൻ ദിനേശ് ചണ്ഡിമലിനു മാത്രമേ ഇന്ത്യൻ ബൌളർമാരോട് പിടിച്ചു നിൽക്കാനായുള്ളൂ. 82 പന്തിൽ പത്ത് ഫോറുകളുടെ സഹായത്തോടെ 61 റൺസാണ് ലങ്കൻ ക്യാപ്റ്റന്റെ സമ്പാദ്യം. ആറ് മുൻനിര ബാറ്റ്സ്മാന്മാർ മുപ്പത് കടക്കാൻ പോലുമാകാതെ പുറത്തായപ്പോൾ ലങ്കൻ ഇന്നിങ്സ് കേവലം 166 റൺസിന് അവസാനിച്ചു.

ആദ്യ ഇന്നിങ്സിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ഇശാന്ത് ശർമയുടെ ആഘോഷം Courtesy-www.bcci.tv

റെക്കോഡുകളുടെ പെരുമഴ തീർത്താണ് രണ്ടാം ടെസ്റ്റ് അവസാനിച്ചത്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും വലിയ മാർജിനിലുള്ള വിജയത്തോടൊപ്പം എത്തിയിരിക്കുകയാണ് ഈ ജയത്തോടെ. 2008 ൽ ബംഗ്ലാദേശിനെതിരെ ഇതേ മാർജിനിലാണ് ഇന്ത്യ ജയിച്ചത്. ഒരു ഇന്നിങ്സിൽ നാലു പേർ സെഞ്ചുറി നേടുന്ന ഇന്ത്യയുടെ മൂന്നാമത്തെ മത്സരമാണിത്. കോഹ്ലിയും അശ്വിനും പൂജാരയുമാണ് പ്രധാനമായും വ്യക്തിഗത റോക്കോഡുകൾ കൊണ്ടുവന്നത്.

രണ്ടിന്നിങ്സിലുമായി 8 വിക്കറ്റുകൾ നേടിയ അശ്വിൻ തന്റെ 300 ാം വിക്കറ്റ് നേട്ടം ആഘോഷിക്കുന്നു
Courtesy-www.bcci.tv

ഓസ്ട്രേലിയൻ പേസ് ഇതിഹാസം ഡെന്നീസ് ലില്ലിയുടെ റെക്കോഡ് തകർത്തെറിഞ്ഞ്, വെറും 54 മത്സരങ്ങളിൽ നിന്ന് 300 വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ സ്പിന്നർ അശ്വിൻ. ഇതോടെ ഏറ്റവും വേഗത്തിൽ 300 വിക്കറ്റ് തികച്ച താരം അശ്വിനാണ്. ലങ്കയുടെ ലഹിരു ഗാമേജയായിരുന്നു അശ്വിന്റെ മുന്നൂറാമത്തെ ഇര. ഫോം കൈവിടാതെ ഇനിയും ഒട്ടേറെ വിക്കറ്റുകൾ വീഴ്ത്താനാണ് ശ്രമമെന്ന് അദ്ദേഹം പറഞ്ഞു.

ഇരട്ട സെഞ്ചുറി നേട്ടം ആഘോഷിക്കുന്ന ക്യാപ്റ്റൻ കോഹ്ലി
Courtesy-www.bcci.tv

കോഹ്ലിയുടെ അഞ്ചാം ഇരട്ട സെഞ്ചുറിയാണ് ലങ്കയ്ക്കെതിരെ നേടിയത്. ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ പദവി ഏറ്റെടുത്ത ശേഷമാണ് ഈ നേട്ടം. ഇതോടെ ക്യാപ്റ്റനായിക്കൊണ്ട് ഏറ്റവും കൂടുതൽ ഇരട്ട സെഞ്ചുറി നേടിയ റെക്കോഡ് വിൻഡീസ് ഇതിഹാസം സാക്ഷാൽ ബ്രയാൻ ലാറയുമായി പങ്കുവെയ്ക്കാനും കോഹ്ലിയ്ക്കായി. കഴിഞ്ഞ ഒന്നര വർഷത്തിനിടെ വെസ്റ്റിൻഡീസ് (200), ന്യൂസിലാന്റ് (211), ഇംഗ്ലണ്ട് (235), ബംഗ്ലാദേശ് (204), ശ്രീലങ്ക (213) എന്നീ ടീമുകൾക്കെതിരെയാണ് കോഹ്ലി ഇരട്ടശതകം കുറിച്ചത്. ഇതോടെ 19 ടെസ്റ്റ് സെഞ്ചുറികളും 51 അന്താരാഷ്ട്ര സെഞ്ചുറികളും കോഹ്ലി സ്വന്തം പേരിലാക്കി കഴിഞ്ഞു. കോഹ്ലി സെഞ്ചുറി നേടിയ 10 മത്സരങ്ങളിലും ജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു. 4 മത്സരങ്ങൾ തോറ്റപ്പോൾ 6 കളികൾ സമനിലയിലായി.

വിരാട് കോഹ്ലി ബാറ്റിംഗിനിടെ
Courtesy-www.bcci.tv

ഇന്ത്യയുടെ ക്യാപ്റ്റനെന്ന നിലയിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ താരമാണ് കോഹ്ലി. 49 ഇന്നിങ്സുകളിൽ നിന്നായി 12 സെഞ്ചുറികൾ അദ്ദേഹം സ്വന്തമാക്കി. 74 ഇന്നിങ്സുകളിൽ നിന്ന് 11 സെഞ്ചുറി നേടിയ മുൻ ക്യാപ്റ്റൻ സാക്ഷാൽ ഗവാസ്കറെയാണ് കോഹ്ലി മറികടന്നത്. കൂടാതെ, ഒരു കലണ്ടർ വർഷം 10 അന്താരാഷ്ട്ര സെഞ്ചുറികൾ നേടുന്ന ആദ്യത്തെ ക്യാപ്റ്റനെന്ന ഖ്യാതിയും കോഹ്ലി നേടി. റിക്കി പോണ്ടിംഗ്, ഗ്രെയിം സ്മിത്ത് എന്നിവർ മുൻകാലങ്ങളിൽ 9 വീതം സെഞ്ചുറികൾ നേടിയിട്ടുണ്ട്. സെഞ്ചുറികളുടെ കാര്യത്തിലും റൺസിന്റെ കാര്യത്തിലും സാക്ഷാൽ സച്ചിന്റെ റെക്കോഡുകൾ മറികടക്കാൻ കോഹ്ലിക്കാകുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

ഈ ജയത്തോടെ ടെസ്റ്റ് റാങ്കിങ്ങിലെ ഒന്നാം സ്ഥാനം കൂടുതൽ ഭദ്രമാക്കാൻ ടീം ഇന്ത്യയ്ക്കായി. നിലവിൽ ഇന്ത്യയ്ക്കു പിറകിൽ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാന്റ് എന്നിങ്ങനെ യഥാക്രമത്തിലാണ് സ്ഥാനങ്ങൾ. അടുത്ത മാസം ദക്ഷിണാഫ്രിക്കക്കെതിരെ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി മികച്ച തയ്യറെടുപ്പെടുക്കാൻ ടീമിനായെന്ന് ഇന്ത്യൻ ക്യാപ്റ്റൻ കോഹ്ലി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *