കോഹ്ലിയ്ക്കും തുടർച്ചയായ രണ്ടാം സെഞ്ചുറി: ട്രിപ്പിൾ സെഞ്ചുറിയുമായി ഇന്ത്യ കുതിയ്ക്കുന്നു

Cricket News Sports

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം മുരളി വിജയ്ക്കും പൂജാരയ്ക്കും പിന്നാലെ നായകൻ കോഹ്ലിക്കും അതിവേഗ സെഞ്ചുറി

നാഗ്പൂർ: ആദ്യ ടെസ്റ്റിലെ ബാറ്റിംഗ് തകർച്ചയുടെ ക്ഷീണം തീർത്ത് ടീം ഇന്ത്യ. രണ്ടാം ടെസ്റ്റിന്റെ ആദ്യദിനത്തിൽ തന്നെ സിംഹളവീര്യത്തെ 205 റൺസിന് എറിഞ്ഞിട്ട ഇന്ത്യ മൂന്നാം ദിനമാകുമ്പോഴേക്കും മൂന്ന് മുൻനിര ബാറ്റ്സ്മാന്മാരുടെ സെഞ്ചുറി കരുത്തിൽ കുതിയ്ക്കുന്നു. ഏറ്റവും അവസാനം മൂന്നാം ദിനമായ ഇന്ന് നായകൻ വിരാട് കോഹ്ലിയും സെഞ്ചുറി ക്ലബിൽ ചേർന്നു. ലഞ്ചിന് പിരിയുമ്പോൾ 3 വിക്കറ്റിന് 404 റൺസെന്ന നിലയിലാണ് ഇന്ത്യ. നായകൻ കോഹ്ലി 161 പന്തിൽ 128 റൺസുമായി പുറത്താകാതെ നിൽക്കുന്നു. ഒപ്പം റൺസൊന്നുമെടുക്കാതെ അജിങ്ക്യ രഹാനെയും.

മുരളി വിജയും പൂജാരയും ബാറ്റിംഗിനിടയിൽ
Courtesy-www.bcci.tv

ഏകദിനശൈലിയിൽ ബാറ്റ് വീശിക്കൊണ്ടാണ് ഇന്നലെ കോഹ്ലി തുടങ്ങിയത്. ഏഴ് റൺസുമായി ഓപ്പണർ ലോകേഷ് രാഹുൽ പുറത്തായെങ്കിലും പിന്നീട് 209 റൺസിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കി വിജയും പൂജാരയും ഇന്ത്യയെ രക്ഷിച്ചെടുക്കുകയായിരുന്നു. ലങ്കൻ ബൌളർമാരെ മികച്ച രീതിയിലായിരുന്നു രണ്ടു പേരും നേരിട്ടത്. സ്കോർ 216 ൽ നിൽക്കെ വിജയ് പുറത്തായതിനു ശേഷം കോഹ്ലി ഇറങ്ങിയതോടെ റൺറേറ്റ് കുത്തനെ കൂടി. അതുവരെ മൂന്നിൽ താഴെയായിരുന്ന റൺറേറ്റ് കോഹ്ലിയുടെ പ്രകടനത്തോടെ നാലിൽ കൂടുതലായി. ഈ പരമ്പരയിലെ കോഹ്ലിയുടെ തുടർച്ചയായ രണ്ടാം സെഞ്ചുറിയാണിത്. മുരളി വിജയ് 221 പന്തിൽ 128 റൺസും പൂജാര 362 പന്തിൽ 143 റൺസുമെടുത്ത് പുറത്തായി.

വിരാട് കോഹ്ലി ബാറ്റിംഗിനിടയിൽ
Courtesy-www.bcci.tv

സ്പിന്നർ അശ്വിന്റെ നാല് വിക്കറ്റ് പ്രകടനമാണ് ലങ്കയെ തകർത്തു കളഞ്ഞത്. 67 റൺസ് വിട്ടുകൊടുത്താണ് നാല് വിക്കറ്റെടുത്തത്. ഇശാന്ത് ശർമയും രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റ് വീതമെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *