രണ്ടാംദിനത്തിലും രക്ഷയില്ലാതെ ഇന്ത്യ

Cricket News Sports

ശ്രീലങ്കയുമായുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്റെ രണ്ടാംദിനവും രക്ഷയില്ലാതെ ഇന്ത്യ. കളിമുടക്കി മഴ

കളിക്കിടെ ഇന്ത്യൻ താരം ചേതേശ്വർ പൂജാര

ആദ്യ ദിനത്തിൽ ലങ്കയുടെ യുവ പേസർ സുരങ്ക ലക്മൽ തുടങ്ങിവെച്ച ആക്രമണത്തിൽ പേരുകേട്ട ഇന്ത്യൻ ബാറ്റ്സ്മാന്മാർ പരുങ്ങുന്ന കാഴ്ച്ചയാണ് രണ്ടാം ദിനവും കാണാനായത്. സിംഹഭാഗവും മഴ തടസ്സപ്പെടുത്തിയ കളിയിൽ 32.5 ഓവറിൽ 5ന് 74 എന്ന നിലയിലാണ് ഇന്ത്യ ഇപ്പോൾ. 102 പന്തിൽ 9 ബൌണ്ടറികളുടെ സഹായത്തോടെ 47 റൺസെടുത്ത ചേതേശ്വർ പൂജാരയും, 22 പന്തിൽ 6 റൺസെടുത്ത വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ വൃദ്ധിമാൻ സാഹയുമാണ് രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോൾ ക്രീസിൽ.

ഇന്ന് അജിങ്ക്യ രഹാനെ, രവിചന്ദ്ര അശ്വിൻ എന്നിവർകൂടി ലങ്കൻ ബൌളർ ദസുൻ ശനകയുടെ വലയിലായതോടെ പ്രതിസന്ധിയിലാണ് ഇന്ത്യൻ നിര. രണ്ടു പേരും 4 റൺസ് വീതമെടുത്തു. ആകെ പ്രതീക്ഷകൾ ബാക്കിയുള്ളത് ക്രീസിലുള്ള പൂജാര, സാഹ, ഇറങ്ങാൻ പോകുന്ന ജഡേജ എന്നിവരിലാണ്. ടെസ്റ്റിൽ പറയത്തക്കവിധത്തിൽ ഒരു മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ കഴിയാതിരുന്ന സാഹയ്ക്കും ജഡേജയ്ക്കും ഇതൊരു സുവർണാവസരം കൂടിയാണ്. മികച്ച പ്രകടനത്തോടെ ടീമിലെ സ്ഥാനം ഉറപ്പുവരുത്താനും ഇരുവർക്കുമാകും.

ലങ്കൻ പേസർ സുരങ്ക ലക്മൽ വിക്കറ്റെടുത്ത ആഹ്ലാദത്തിൽ

ഒരു പതിറ്റാണ്ടിനിയയ്ക്ക് ഒട്ടേറെ പ്രഗത്ഭമതികളായ കളിക്കാർ പടിയിറങ്ങിയ ചരിത്രമാണ് ലങ്കൻ ടീമിനുള്ളത്. എതിരാളികളെ പേരുകൊണ്ട് വിറപ്പിക്കുന്നൊരു താരം പോലും കൂടെയില്ലാതെയാണ് ടീം ഇന്ത്യയിൽ വിമാനമിറങ്ങിയത്. എന്നാൽ, പേരുകേട്ട ഇന്ത്യൻ ബാറ്റിംഗ് നിരയെ ചുരുങ്ങിയ നിമിഷങ്ങൾ കൊണ്ട് ചുരുട്ടിക്കെട്ടാൻ ലങ്കൻ ടീമിനായി. മികച്ച ബൌളിംഗ് സ്പെല്ലായിരുന്നു ലക്മലിന്റേത്. മനോഹരമായ ഔട്ട്സിംഗറുകൾ ഇന്ത്യൻ ബാറ്റ്സ്മാന്മാരായ ക്യാപ്റ്റൻ കോഹ്ലിയെയും പൂജാരയെയും ധവാനെയും നന്നായി വിഷമിപ്പിച്ചു.
നിലവിൽ ടെസ്റ്റിലെ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയെ ആദ്യ മത്സരത്തിൽ തന്നെ കീഴ്പ്പെടുത്തി പരമ്പര സ്വന്തമാക്കാനാണ് ലങ്കൻ ടീം ലക്ഷ്യം വെയ്ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *