അവസാന മണിക്കൂറിൽ ആവേശം തീർത്ത് മഞ്ഞപ്പട..!

Football News Sports

ഇന്ത്യൻ സൂപ്പർ ലീഗ് 2017 ന്റെ ആദ്യ മത്സരം രാത്രി 8 മണിക്ക് കൊച്ചിയിൽ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ മത്സരത്തിനു മുന്നോടിയായി ആവേശം തീർത്ത് പേരുകേട്ട കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ. കളി നടക്കുന്ന കൊച്ചിയിലെ കലൂർ ജവഹർലാൽ സ്റ്റേഡിയത്തിലേക്ക് ഇന്ന് രാവിലെ മുതൽ മഞ്ഞപ്പടയുടെ ഒഴുക്കാണ്.

ഇത്തവണ കളി നടക്കുമ്പോൾ സ്റ്റേഡിയത്തിൽ ആവേശം തീർക്കാൻ പുതിയ മരുന്നുമായാണ് മഞ്ഞപ്പടയെത്തുന്നത്. ‘വീ ആർ കേരള’ എന്ന് ഉച്ചത്തിൽ പാടിയും, ഗാലറിയിൽ മെക്സിക്കൻ തിരമാല തീർത്ത് മത്സരം ഉത്സവമാക്കാനൊരുങ്ങി നിൽക്കുകയാണ് അവർ. ഇന്ന് രാവിലെ മുതൽ കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും ആയിരക്കണക്കിന് ആരാധകരാണ് കളി കാണാനെത്തിക്കൊണ്ടിരിക്കുന്നത്. ബ്ലാസ്റ്റേഴ്സ് ഫാൻസിന്റെ മുൻകയ്യിൽ തന്നെയാണ് കാണികളെ വരവേൽക്കുന്നത്.

ഐ.എസ്.എൽ 2017 ന്റെ ആദ്യ മത്സരത്തിനായുള്ള കാത്തിരിപ്പിന് ഇനി ഒരു മണിക്കൂർ മാത്രം. ഹ്യൂമും ബെർബറ്റോവും ജിങ്കനും വിനീതുമടങ്ങുന്ന ടീം തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് ബ്ലാസ്റ്റേഴ്സ് കോച്ച് റെനേ മ്യൂലസ്റ്റീൻ പറഞ്ഞു.

“ആദ്യ മത്സരത്തിൽ ജയിക്കുക എന്നത് ഏതൊരു ടീമിന്റെയും ആഗ്രഹമാണ്. എനിക്കുറപ്പുണ്ട്, കളിയുടെ അവസാനം എ.ടി.കെ കോച്ചിന് എന്നെ അഭിനന്ദിക്കേണ്ടി വരുമെന്ന്”, അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യ കളി ഉറപ്പായും ജയിക്കുമെന്ന് ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരം ഹ്യൂമും പ്രത്യാശ പ്രകടിപ്പിച്ച സാഹചര്യത്തിൽ അങ്കം മുറുകുമെന്നുറപ്പ്.

ബ്ലാസ്റ്റേഴ്സിന്റെ പ്രൊമോ വീഡിയോയിൽ പറയുന്ന പോലെ “കപ്പടിച്ച് കലിപ്പ് തീർക്കണം” എന്ന ഉറപ്പിലാണ് ബ്ലാസ്റ്റേഴ്സ് ടീമും ആരാധകരും.

Leave a Reply

Your email address will not be published. Required fields are marked *