താരപ്രഭയെ നിഷ്പ്രഭമാക്കും ഇവർ! ഈ ലോകകപ്പിൽ കരുതിയിരിക്കേണ്ട അഞ്ച് മിഡ്ഫീൽഡർമാർ

FIFA World Cup 2018 Football News Sports Story

ഇത്തവണത്തെ ഫിഫ ലോകകപ്പിലെ മികച്ചതാരം ആരാകുമെന്നാണ് ഇപ്പോഴത്തെ ചർച്ചകൾ. സ്ട്രൈക്കർമാരായ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ തുടങ്ങിയ ഒട്ടേറെ പേരുകൾ പലരും പറഞ്ഞുകേൾക്കുന്നുണ്ട്. റഷ്യൻ ലോകകപ്പിൽ ഒരുപക്ഷേ താരങ്ങളാകാൻ പോകുന്നതും ടീമിന്റെ വിധി നിർണയിക്കാൻ പോകുന്നതും ഏതാനും ചില മിഡ്ഫീൽഡർമാരായിരിക്കും. മുൻ ലോകകപ്പുകളിലെല്ലാം ടീമുകളുടെ വിജയങ്ങളിൽ മധ്യനിര താരങ്ങളുടെ പങ്ക് നാം കണ്ടതാണ്. അത്തരത്തിൽ ഈ ലോകകപ്പിലും നിർണായകമാകാൻ സാധ്യതയുള്ള അഞ്ച് മിഡ്ഫീൽഡർമാരെ പരിചയപ്പെടുത്തുകയാണിവിടെ.

ടോണി ക്രൂസ് (ജർമനി)

ലോകോത്തരപ മിഡ്ഫീൽഡർമാരിൽ ശ്രദ്ധേയനായ താരം. നിലവിലെ ചാമ്പ്യന്മാരായ ജർമനി തുടർച്ചയായ രണ്ടാം കിരീടം ലക്ഷ്യമിടുമ്പോൾ ലോകം ഉറ്റുനോക്കുന്ന പ്രധാനതാരങ്ങളിലൊരാളും ടോണി തന്നെ. കഴിഞ്ഞ തവണ ചാമ്പ്യന്മാരാകുമ്പോൾ അതിൽ നിർണായക പങ്കുവഹിക്കാൻ താരത്തിനായിട്ടുണ്ട്. ആക്രമണം നയിക്കാൻ മികച്ച മുൻനിര താരങ്ങളുള്ള ജർമൻ ടീമിന്റെ മധ്യനിരക്കായിരിക്കും കൂടുതൽ ഉത്തരവാദിത്തം. ടോണിയും സംഘവും അതേറ്റെടുക്കാൻ സജ്ജരാണെന്ന് സന്നാഹമത്സരങ്ങളിൽ നിന്നു തന്നെ വ്യക്തമാണ്. പാസിങിലെ കൃത്യതയും കാഴ്ച്ചപ്പാടിനനുസരിച്ച് കളി തിരിച്ചുവിടാനുള്ള മിടുക്കുമാണ് താരത്തെ ആകർഷിക്കുന്ന മുഖ്യഘടകം. എത്ര ദൂരത്തുനിന്നും വലയിലേക്ക് പന്തടിച്ചുകയറ്റാനുള്ള ടോണിയുടെ ശ്രമം എതിരാളികളുടെ ചങ്കിടിപ്പ് കൂട്ടും. റയൽ മാഡ്രിഡിന്റെ മധ്യനിരയിൽ നിറഞ്ഞുകളിക്കുന്ന ടോണി തന്റെ ചടുലമായ വേഗതയും ഏകാഗ്രതയും തുടർന്നാൽ ജർമൻപട ഇക്കുറിയും കിരീടമണിഞ്ഞേക്കും.

പോൾ പോഗ്ബ (ഫ്രാൻസ്)

ഇത്തവണത്തെ ലോകകപ്പ് ടൂർണമെന്റിലെ ഏറ്റവും സന്തുലിതമായ ടീമാണ് ഫ്രാൻസ് എന്നാണ് ഫുട്ബോൾ നിരീക്ഷകർ പറയുന്നത്. ഏതെങ്കിലും ഒരു താരത്തിന്റെ മാത്രം മാസ്മരികപ്രകടനം കൊണ്ടല്ല, മറിച്ച് ഒരുകൂട്ടം പ്രതിഭാധനരായ സ്ട്രൈക്കർമാരുടെയും മധ്യനിരതാരങ്ങളുടെയും ഒത്തുചേർന്ന ആക്രമണമാണ് ഫ്രാൻസിന്റെ വിധിനിർണയിക്കുക എന്നാണ് നിരീക്ഷണം. കരീം ബെൻസെമ പോലുള്ള ലോകോത്തര താരങ്ങളെ ഉൾപ്പെടുത്താതെയാണ് ഇത്തവണ ഫ്രാൻസ് ലോകകപ്പ് സ്ക്വാഡിനെ പ്രഖ്യാപിച്ചതെന്നോർക്കണം.

ഫ്രാൻസിന്റെ മധ്യനിര താരങ്ങളിൽ പ്രധാനിയാണ് പോൾ പോഗ്ബ. നാല് വർഷക്കാലത്തെ യുവന്റസിലെ പ്രകടനം താരത്തെ ലോകോത്തര മിഡ്ഫീൽഡറാക്കി ഉയർത്തി. നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്ഥിരം താരംകൂടിയായ പോഗ്ബ ഗോളടിക്കാനും മിടുക്കുള്ള ഒരു മധ്യനിര താരമാണ്. കൂടാതെ ബാഴ്സ മുൻനിര താരം ഡിംബലെ, ഗ്രീസ്മാൻ, ലെമർ തുടങ്ങിയ സ്ട്രൈക്കർമാരും ചേരുമ്പോൾ പോഗ്ബയുടെയും ഫ്രാൻസിന്റെയും പ്രഹരശേഷി ഇരട്ടിയാകും.

കാസെമിറോ (ബ്രസീൽ)

കഴിഞ്ഞ ലോകകപ്പിലെ ജർമനിയോടേറ്റ തോൽവിയെ ഭയപ്പെടുത്തുന്നൊരു പ്രേതരാവായാണ് ബ്രസീൽ ടീമും ആരാധകരും വിശേഷിപ്പിക്കുന്നത്. സ്വന്തം നാട്ടിൽ അന്ന് ജർമനിയോട് 7-1 ന്റെ നാണംകെട്ട തോൽവിയാണ് മഞ്ഞപ്പട വഴങ്ങിയത്. ഇത്തവണ ആ നാണക്കേടിന് പകരംവീട്ടുകയെന്നതു മാത്രമാണ് ബ്രസീൽ ആരാധകർ ഉയർത്തുന്ന ആദ്യ ആവശ്യം. കിരീടനേട്ടം പോലും അതുകഴിഞ്ഞ് മതിയെന്നാണ് പക്ഷം. ഇത്തവണ ബ്രസീൽ പ്രതീക്ഷകൾ നെയ്മറിലേക്ക് മാത്രം ചുരുങ്ങുന്നുണ്ടെങ്കിലും മറ്റു താരങ്ങളുടെ സാന്നിധ്യം തള്ളിക്കളയാനാകില്ല. വലിയൊരു പരിക്ക് കഴിഞ്ഞാണ് നെയ്മർ ടീമിലെത്തുന്നത്. സന്നാഹമത്സരത്തിൽ ഇരട്ടഗോൾ നേടി ഫോം തെളിയിച്ചെങ്കിലും ടൂർണമെന്റിലുടനീളം ശാരീരികക്ഷമത നിലനിർത്താനാകുമോ എന്ന് സംശയമാണ്.

അതേസമയം നെയ്മർക്ക് നേരെ കണ്ണുകൾ പായുമ്പോൾ ബ്രസീൽ കോച്ച് തന്റെ വജ്രായുധമായി കാണുന്നത് കാസെമിറോ എന്ന ഡിഫൻസീവ് മിഡ്ഫീൽഡറെയാണ്. റയൽ മാഡ്രിഡിന്റെ കരുത്തുറ്റ പ്രതിരോധം കൂടിയായി മാറാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇതു തന്നെയാണ് ബ്രസീലിന്റെ പ്രതീക്ഷയും. ജർമനി പോലുള്ള ടീമുകളോട് പൊരുതുമ്പോൾ അവരുടെ ആക്രമണത്തെ സമർത്ഥമായി ചെറുക്കുക എന്നതും വളരെ പ്രധാനമാണ്. ആ നിലയിൽ ബ്രസീലിന് ഏറ്റവും സഹായകമാവുക കാസെമിറോയുടെ നിർഭയമായ ചെറുത്തുനിൽപ്പു തന്നെയാകും.

ഇസ്കോ (സ്പെയിൻ)

ഇന്ന് ലോകത്തെ മധ്യനിരതാരങ്ങളിൽ പ്രധാനിയാണ് ഇസ്കോ. റയൽ മാഡ്രിഡ് താരമായ ഇസ്കോയ്ക്ക് മാഡ്രിഡ് തുടർച്ചയായി അവസരങ്ങൾ നൽകിയിരുന്നില്ല. എന്നാൽ ഇടക്ക് വീണുകിട്ടിയ അവസരങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിനു സാധിച്ചതോടെ നിലവിൽ മാഡ്രിഡിന്റെ മുൻനിര താരമായി മാറാനും കഴിഞ്ഞു. റയലിനായി 32 ഗോളുകൾ ഇതിനോടകം നേടാൻ താരത്തിനു കഴിഞ്ഞിട്ടുണ്ട്. ഈ വർഷം മാർച്ച് 27 ന് അർജന്റീനയുമായി നടന്ന സ്പെയിനിന്റെ സൌഹൃദമത്സരത്തിൽ താരത്തിന്റെ കഴിവ് ലോകം കണ്ടതാണ്. തന്റെ കരിയറിലെ ആദ്യ ഹാട്രിക് സ്വന്തമാക്കിയ ഇസ്കോ സ്പെയിനിന് 6-1 ന്റെ തകർപ്പൻ ജയമാണ് സമ്മാനിച്ചത്. 2010 ലെ ലോകചാമ്പ്യന്മാരായ സ്പെയിൻ ഒരിടവേളക്കു ശേഷം കിരീടധാരണത്തിനൊരുങ്ങുമ്പോൾ സ്പാനിഷ് പടയുടെ നെടുംതൂണാകാൻ ഇസ്കോയുണ്ട്.

കെവിൻ ഡി ബ്രുയ്ൻ (ബെൽജിയം)

എക്കാലത്തേയും പോലെ ഈ ടൂർണമെന്റിലും കറുത്ത കുതിരകളാകുമെന്ന് കരുതുന്ന ടീമാണ് ബെൽജിയം. പക്ഷേ ലോകകപ്പ് ടൂർണമെന്റിൽ തങ്ങളുടെ മികവ് തുടർന്ന വിജയം കൊയ്യാൻ അവർക്ക് കഴിയാറില്ല. എന്നാൽ ഇത്തവണ ആ ചീത്തപ്പേര് മാറ്റാനുള്ള ശ്രമത്തിലാണ് ബെൽജിയം മാനേജ്മെന്റ്. നിലവിൽ ഫിഫ റാങ്കിങ്ങിൽ മൂന്നാം സ്ഥാനമുള്ള ബെൽജിയത്തിന്റെ കരുത്ത് വിവിധ യൂറോപ്യൻ ഫുട്ബോൾ ലീഗുകളിൽ കളിച്ച് പരിചയമുള്ള മികച്ച താരനിരയാണ്. അതിൽ പ്രധാനിയാണ് മാഞ്ചസ്റ്റർ സിറ്റി താരംകൂടിയായ കെവിൻ ഡി ബ്രുയ്ൻ എന്ന മധ്യനിരക്കാരൻ. 2005 മുതൽ സിറ്റിയിലേക്ക് ചേക്കേറിയ താരം ഇത്തവണത്തെ ഇംഗ്ലീഷ് പ്രീമിയർലീഗ് കിരീടനേട്ടത്തിൽ നിർണായക പങ്കാണ് വഹിച്ചത്. സിറ്റിയുടെ സ്ഥിരം ഇലവനിൽ സ്ഥാനം പിടിച്ച താരം ലോകകപ്പിലും മികച്ച പ്രകടനം നടത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *