ചരിത്രം കുറിച്ച് കേരളം: ഹരിയാനയെ തകർത്ത് ആദ്യമായി രഞ്ജി ട്രോഫി ക്വാർട്ടർ പ്രവേശനം

Posted on

ദീർകാലമായുള്ള കേരള ക്രിക്കറ്റിന്റെ സ്വപ്നമായ രഞ്ജി ട്രോഫി ക്വാർട്ടർ പ്രവേശനം സാധ്യമാക്കി സച്ചിൻ ബേബിയും കൂട്ടരും; കരുത്തായത് ടീമിലേക്ക് മടങ്ങിയെത്തിയ സഞ്ജുവിന്റെയും സക്സേനയുടെയും മികച്ച പ്രകടനം

ക്വാർട്ടർ പ്രവേശനം നേടിയ കേരള ടാം കോച്ച് വാട്ട്മോറിനൊപ്പം

ലാഹ്ലി (ഹരിയാന): രഞ്ജി ട്രോഫി ഗ്രൂപ്പ് ബിയിൽ ഹരിയാനയ്ക്കെതിരെ കേരളത്തിന് ഇന്നിങ്സ് ജയം. ഇന്നിങ്സിനും 8 റൺസിനും തോൽപിച്ചാണ് കേരളം ആദ്യമായി ക്വാർട്ടർ പ്രവേശനം ഉറപ്പാക്കിയത്. ഗ്രൂപ്പ് ബിയിൽ 34 പോയിന്റുള്ള ഗുജറാത്തിനു പിന്നിൽ 31 പോയിന്റുമായാണ് കേരളം ക്വാർട്ടറിലെത്തിയത്. ആദ്യ ഇന്നിങ്സിൽ 181 റൺസിന്റെ മികച്ച ലീഡ് സ്വന്തമാക്കിയ കേരളം ഹരിയാനയുടെ രണ്ടാം ഇന്നിങ്സിൽ 173 റൺസിന് പുറത്താക്കുകയായിരുന്നു. സ്കോർ ഹരിയാന ഒന്നാം ഇന്നിങ്സ് 208, രണ്ടാം ഇന്നിങ്സ് 173; കേരളം ഒന്നാം ഇന്നിങ്സ് 389.

വിക്കറ്റ് നേടിയ സന്ദീപിനെ അഭിനന്ദിക്കുന്ന കേരള താരങ്ങൾ

നാലാം ദിനം 5ന് 85 എന്ന നിലയിൽ കളിയാരംഭിച്ച ഹരിയാനയ്ക്കുു വേണ്ടി ക്യാപ്റ്റൻ അമിത് മിശ്രയും (40) രജത് പലിവാലും (34) ചേർന്ന് 58 റൺസിന്റെ കൂട്ടുകെട്ടുയർത്തി പൊരുതി നോക്കിയെങ്കിലും കേരളാ ബൌളർമാരുടെ മുന്നിൽ പിടിച്ചുനിൽക്കാനായില്ല. രജതിനെ പുറത്താക്കി ജലജ് സക്സേന ആ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ അമിത് മിശ്രയും പുറത്തായി. വിജയമുറപ്പിച്ച കേരളം പിന്നീടുള്ള ഹരിയാന വാലറ്റത്തെ കൃത്യമായ ഇടവേളകളിൽ പവലിയനിലേക്കയച്ചു.

കേരള താരങ്ങൾ വിക്കറ്റാഘോഷിക്കുന്നു

സഞ്ജു സാംസൺ, ജലജ് സക്സേന, രോഹൻ പ്രേം എന്നിവരടങ്ങിയ ബാറ്റിംഗ് നിരയുടെ മികച്ച പ്രകടനത്തോടൊപ്പം സന്ദീപ് വാര്യർ, നിധീഷ് തുടങ്ങിയ ബൌളർമാരും കേരളത്തിന്റെ വിജയത്തിൽ നിർണായകമായി. കേരളത്തിന്റെ മധ്യപ്രദേശ് താരം ജലജ് സക്സേനയുടെ ഓൾറൌണ്ട് പ്രകടനം അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. ഹരിയാനയുടെ ആദ്യ ഇന്നിങ്സിൽ ഒന്നും രണ്ടാം ഇന്നിങ്സിൽ നിർണായകമായ മൂന്നും വിക്കറ്റുകൾ നേടിയ സക്സേന ഒന്നാം ഇന്നിങ്സിൽ 91 റൺസും നേടി. 205 പന്തിൽ 10 ഫോറുകളുടെ സഹായത്തോടെയാണ് ഈ നേട്ടം. കൂടാതെ 93 റൺസ് (314 പന്തിൽ നിന്ന്) നേടിയ രോഹൻ പ്രേമിനൊപ്പം 172 റൺസിന്റെ രണ്ടാം വിക്കറ്റ് പാട്ണർഷിപ്പൊരുക്കാനും ഈ താരത്തിനായി. സക്സേനയ്ക്കും രോഹൻ പ്രേമിനും പുറമെ രണ്ടാം ദിനം നൈറ്റ് വാച്ച്മാനായിറങ്ങിയ പേസ് ബോളർ ബേസിൽ തമ്പിയുടെ അർദ്ധശതകവും സ്കോറിന് കരുത്തേകി. ഏകദിനശൈലിയിൽ അടിച്ചുതകർത്തു കളിച്ച ബേസിൽ 75 പന്തിൽ നിന്നും 10 ഫോറുകളുടെയും ഒരു കൂറ്റൻ സിക്സറിന്റെയും അകമ്പടിയോടെ 60 റൺസെടുത്താണ് പുറത്തായത്. കേരളത്തിന്റെ മുഹമ്മദ് അസ്ഹറുദ്ദീൻ 34 ഉം സൽമാൻ നിസാർ 33 ും റൺസെടുത്തു. കഴിഞ്ഞ കളിയിൽ ടീമിലേക്ക് തിരിച്ചെത്തിയ സഞ്ജു 175* എന്ന ഉജ്ജ്വല സ്കോർ നേടിയാണ് ഫോം തെളിയിച്ചത്. എന്നാൽ ഈ കളിയിൽ അദ്ദേഹത്തിന് 16 റൺസിന് പുറത്താകേണ്ടി വന്നു.

വിജയത്തിനു ശേഷം സഞ്ജു സാംസൺ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം

ആദ്യ ഇന്നിങ്സിൽ ഹരിയാനയെ ചുരുട്ടിക്കെട്ടിയത് സന്ദീപ് വാര്യരുടെ നാല് വിക്കറ്റ് പ്രകടനമായിരുന്നു. രണ്ടാം ഇന്നിങ്സിൽ ജലജ് സക്സേനയുടെയും നിധീഷ് എം.ഡിയുടെയും മൂന്നു വിക്കറ്റ് പ്രകടനങ്ങളാണ് കേരളത്തെ രക്ഷിച്ചത്. തുടക്കത്തിൽ തന്നെ രണ്ടു വിക്കറ്റുകളെടുത്ത ബേസിൽ തമ്പി ഹരിയാനയുടെ തകർച്ചയ്ക്ക് ആരംഭം കുറിച്ചു.

Posted inCricketTagged , , ,

Leave a Reply

Your email address will not be published. Required fields are marked *